ആലപ്പുഴ.പ്രശസ്തപിന്നണിഗായകനും സംഗീതജ്ഞനുമായ ഇടവാ ബഷീര്‍(78 )അന്തരിച്ചു. ആലപ്പുഴയിലെ വേദിയില്‍ പാടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഴിത്തിരമാലകള്‍പോലെ ഒരു തലമുറ നെഞ്ചേറ്റിയ പാട്ടുകള്‍ ഇടവയുടേതായുണ്ട്.

ഗാനമേളകളിലൂടെ ശ്രദ്ധേയനാണ്. ബ്ളൂഡയമണ്‍ഡ്സ് അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായ സംഗീതപരിപാടിയില്‍ ഹിന്ദിഗാനം പാടുന്നതിനിടെയാണ് തളര്‍ന്നുവീണത്.

കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ പഠിച്ചു. കോടമ്പള്ളി ഗോപാലപിള്ള, രത്‌നാകരന്‍ ഭാഗവതര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്‌മണ്യം തുടങ്ങിയവരുടെ പക്കല്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജില്‍ നിന്നും ഗാനഭൂഷണം പൂര്‍ത്തിയാക്കി. വര്‍ക്കലയില്‍ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അക്കോര്‍ഡിയന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഗാനമേളകളില്‍ അവതരിപ്പിച്ചു. യമഹയുടെ സിന്തസൈസര്‍, മിക്‌സര്‍, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി ആര്‍ 78 കമ്പോസര്‍, ജുപ്പിറ്റര്‍ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളില്‍ എത്തിച്ചത് ബഷീര്‍ ആയിരുന്നു.

ഓള്‍ കേരള മ്യുസീഷ്യന്‍സ് & ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്.