തിരുവല്ല: ജീവിതത്തിനും മരണത്തിനും മധ്യേ എങ്ങോട്ടെന്നറിയാതെ കഴിഞ്ഞ ദിവസങ്ങൾ. ഒടുവിൽ സങ്കീർണമായ രണ്ടു ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങി വരവും. ബാറ്ററി വിഴുങ്ങുകയും അത് അന്നനാളത്തിൽ വച്ച്‌ പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തിൽ ലോകത്തിൽ രക്ഷപ്പെട്ട അഞ്ചാമനായി ഈ അഞ്ചു വയസുകാരൻ. മെഡിക്കൽ സയൻസിലെ അത്ഭുതങ്ങളിലൊന്നാവുകയാണ് ആലപ്പുഴ പള്ളിയവട്ടം തെക്കേക്കര ചരുവിളയിൽ പുത്തൻ വീട്ടിൽ സി.എ. ബിജുവിന്റെയും സീനയുടെയും മകനായ നകുൽ. നകുലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് തിരുവല്ല ബിലീവേഴ്സ് ചർച്ച്‌ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു പറ്റം ഡോക്ടർമാരുടെ കൂട്ടായ പരിശ്രമമാണ്.

ഏപ്രിൽ 19 ന് നകുലിന് വീട്ടിൽ വച്ച്‌ വയറുവേദന ഉണ്ടായി. കുട്ടി നിർത്താതെ ഛർദിൽ ആരംഭിച്ചു. രണ്ട് തവണ രക്തം ഛർദിച്ചപ്പോഴാണ് നകുലിനെ ബിലീവേഴ്സ് ചർച്ച്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞ് തീരെ അവശനിലയിലാണ് നകുൽ ആശുപത്രിയിൽ എത്തിയത്. ഐ.വി ഫ്ളൂയിഡുകൾ നൽകുകയും രക്തം കയറ്റുകയും ചെയ്തുവെങ്കിലും നില വഷളായതിനെത്തുടർന്ന് പീഡിയാട്രിക്ക് ഐസിയുവിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

നെഞ്ചിന്റെ എക്സ് റേ എടുത്തപ്പോഴാണ് നാണയം പോലെ പരന്ന എന്തോ വസ്തു ഉള്ളിലുണ്ടെന്ന് സ്ഥിരീകരിച്ചത്. ദ്രവിച്ചു തുടങ്ങിയ ഒരു ബട്ടൺ ബാറ്ററി ഇടതുവശത്തെ അന്നനാളത്തിൽ കുടുങ്ങിയിട്ടുണ്ടെന്ന് മനസിലായതോടെ അടിയന്തിരമായി ഗ്യാസ്ട്രോളജി വിഭാഗവും കാർഡിയോ തൊറാസ്സിക്ക് വാസ്‌കുലാർ സർജറി വിഭാഗവും ഇടപെട്ടു. അയോർട്ട (ഹൃദയരക്തമഹാധമനി) യുടെയും അന്നനാളത്തിന്റെയും ഇടയിലായി ഇതുമൂലം ഒരു ഫിസ്റ്റുല (വ്രണം) ഉണ്ടായിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. സിടി അയോർട്ടോഗ്രഫിയിലൂടെ ദ്രവിക്കാൻ തുടങ്ങിയിരുന്ന ബാറ്ററി മൂലം അന്നനാളത്തിനും അയോർട്ടയ്ക്കും പരുക്കുകളുണ്ടെന്ന് നിർണയിക്കപ്പെട്ടതോടെ കുഞ്ഞിന് ഉയർന്ന അപകട സാധ്യതയുള്ള ഒരു മേജർ സർജറി വേണമെന്ന് മെഡിക്കൽ സംഘം തീരുമാനിച്ചു.

മെഡിക്കൽ സംഘത്തിന്റെ വൈദഗ്ദ്ധ്യവും സമയോചിതമായ ഇടപെടലുകളും മാതാപിതാക്കളുടെയും ആശുപത്രിയിലെ ജീവനക്കാരുടെയും പ്രാർത്ഥന ഫലം കണ്ടു. നകുലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഇതിനിടെ വൃക്കയുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതിന്റെ സൂചനകൾ ഉണ്ടാവുകയും കുഞ്ഞിന് പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. അവസ്ഥ മെച്ചപ്പെട്ടപ്പോൾ അഞ്ച് ദിവസങ്ങൾക്ക് ശേഷം ഡയാലിസിസ് നിർത്തി. വൃക്കയുടെ പ്രവർത്തനം സാവധാനം മെച്ചപ്പെട്ടു.

എന്നാൽ അതിനിടെ കരളിന്റെയും പാൻക്രിയാസിന്റെയും പ്രവർത്തനം തകരാറിലായി. ചികിത്സയിൽ വിവിധ വിഭാഗങ്ങൾ കൈകോർത്തു. അഞ്ച് ദിവസങ്ങൾക്ക് ശേഷം നകുലിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ആറാം ദിവസം എൻഡോസ്‌കോപ്പി പരിശോധന നടത്തുകയും ട്യൂബിലൂടെ ഭക്ഷണം കൊടുക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി പതിമൂന്നാം ദിവസം കുഞ്ഞിന് രക്തസമ്മർദ്ദം കുറയുകയും സന്നി ഉണ്ടാവുകയും ചെയ്തു. മുമ്ബുണ്ടായതു പോലെ അയോർട്ടയുടെയും അന്നനാളത്തിന്റെയും ഇടയിലായി ഇതുമൂലം വ്രണം
ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടർമാർ സംശയിച്ചു.

ബാറ്ററിയിലെ രാസവസ്തു മൂലം ഗുരുതരമായ പരുക്ക് അന്നനാളത്തിന് ഏറ്റിട്ടുണ്ടെന്ന് കണ്ടുപിടിച്ചു. വീണ്ടും ഒരു മേജർ സർജറി ചെയ്യേണ്ടി വന്നു നകുലിന്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയും ചെയ്തു. അന്നനാള പരിശോധനയിൽ മുറിവുകളോ മറ്റ് പ്രശ്നങ്ങളോ ഇല്ലായെന്ന് ഉറപ്പുവരുത്തി. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് 28-ാം ദിവസം മുതൽ ദ്രവരൂപത്തിൽ നകുലിന് ഭക്ഷണം നൽകിത്തുടങ്ങി. കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. മൃദു ഭക്ഷണം കഴിച്ചു തുടങ്ങിയ നകുലിന് ട്യൂബ് ഒഴിവാക്കി. നീണ്ട നാൽപ്പതു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം നകുൽ ഇന്ന് വീട്ടിലേക്ക് മടങ്ങുകയാണ്.

ശിശു ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോൺ വല്യത്തിന്റെ നേതൃത്വത്തിൽ ഡോ. കണ്ണൻ നായർ, ഡോ. സജിത്ത് സുലൈമാൻ , ഡോ. ബെൻസൻ ഏബ്രഹാം എന്നിവർ ചേർന്നാണ് കുഞ്ഞിന്റെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്. ശിശുരോഗവിഭാഗം മേധാവി ഡോ. ജിജോ ജോസഫിന്റെയും ശിശുരോഗ ഇന്റൻസിവിസ്റ്റ് ഡോ.ശിൽപ്പ ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുഞ്ഞിന്റെ മെഡിക്കൽ പരിചരണം ഏറ്റെടുത്ത് നടത്തിയത്.

വൃക്കരോഗം, കരൾ രോഗം, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഡയറ്ററി, നഴ്സിങ് എന്നീ വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലാണ് നകുൽ ആരോഗ്യം വീണ്ടെടുത്തത്. ബട്ടൺ ബാറ്ററി വിഴുങ്ങി ഇപ്രകാരം ഗുരുതരാവസ്ഥയിലായവരിൽ ലോകത്ത് അഞ്ച് പേർ മാത്രമേ ശസ്ത്രക്രിയ ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളൂ. അത്ര മാത്രം ഗുരുതരവും സങ്കീർണ്ണവുമാണ് ചികിത്സയും ശസ്ത്രക്രിയയും പരിചരണവുമെന്ന് ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. വീട്ടിലേക്ക് മടങ്ങിയ നകുലിന് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ചേർന്ന് യാത്രയയ