കൊച്ചി: ”തെരഞ്ഞെടുപ്പ് കഴിഞ്ഞും ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കണം, എല്ലാവര്ക്കും കുടുംബമുള്ളതല്ലേ. ഇതു വളരെ ക്രൂരമല്ലേ”-തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഭാര്യ ഡോ.ദയാ പാസ്കല്‍ ചോദിക്കുന്നതാണിത്. ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയ്ക്കെതിരെയാണ് പ്രതികരണം. വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്ക് ജോ ജോസഫ് പരാതി നല്കി.
”നേതാക്കളോടുള്ള അപേക്ഷയാണ്, ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് പിന്മാറണം, പച്ചക്കള്ളമല്ലേ. ഇതില്‍ വാസ്തവമില്ലല്ലോ. ഉണ്ടാക്കി എടുക്കുന്ന വിഡിയോകളല്ലേ. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ, ഇതു വളരെ ക്രൂരമല്ലേ. കുട്ടികള്‍ക്ക് സ്കൂളില്‍ പോകണ്ടേ? അവരുടെ കൂട്ടുകാരെ കാണണ്ടേ? എനിക്ക് ജോലി ചെയ്തു ജീവിക്കണ്ടേ? നമ്മള് മനുഷ്യരല്ലേ? എന്റെ സ്ഥാനത്ത് വേറൊരാളായാലും വിഷമമുണ്ടാവില്ലേ?”- ദയാ പാസ്കല്‍ ചോദിക്കുന്നു.
”അദ്ദേഹത്തിന്റെ പേരില്‍ വ്യക്തിപരമായി ഒരുപാടു ട്രോളുകള്‍ വന്നു. അതൊന്നും കാര്യമാക്കിയില്ല. നിലപാടുകളാണ് രാഷ്ട്രീയത്തില്‍ മല്‍സരിക്കുന്നത് എന്നു മനസ്സിലാക്കാത്തവരോട് എന്തു പറയാനാണ്. കുടുംബത്തെക്കൂടി ബാധിക്കുന്ന കാര്യങ്ങളാകുമ്ബോള് പ്രതികരിക്കാതിരിക്കാനാകില്ല. ഇതില്‍ ഒരു ഭീഷണിയുടെ സ്വരം കൂടിയുണ്ട്. ഞങ്ങള്‍ക്കെതിരെ ഒരു പ്രൊഫഷണല്‍ സ്ഥാനാര്‍ഥിയായാല്‍ ഇതാണ് അനുഭവം, സൂക്ഷിച്ചോ എന്നൊരു ഭീഷണിയാണിത്. തെരഞ്ഞെടുപ്പ് എല്ലാവര്ക്കും ശബ്ദിക്കാനുള്ള ഇടമാണ്.
ആരോഗ്യകരമായ ഒരു രാഷ്ട്രീയ സംവാദത്തിന് ആയുധമില്ലാതെ നിരായുധരായി നില്‍ക്കുന്നവരാണ് എതിര്‍പക്ഷത്തുള്ളവര്‍ എന്നാണ് ഇതു വ്യക്തമാക്കുന്നത്. പൊതുവില്‍ കേരള സമൂഹം ഇതിനെ അങ്ങനെതന്നെ എടുക്കും. രാഷ്ട്രീയമായി എതിരിടാന്‍ കെല്‍പില്ലാത്തതിനാലാണ് ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുന്നത്. ഇതു ശരിയല്ല. പാര്‍ട്ടി പരാതി കൊടുത്തിട്ടുണ്ട്. നിയമ നടപടികള്‍ തുടരും.
എതിര് സ്ഥാനത്തുള്ള രണ്ടു സ്ഥാനാര്‍ഥികള്‍ക്കെതിരെ ഒരു വാക്കെങ്കിലും മോശമായി ആരെങ്കിലും സംസാരിച്ചിട്ടില്ല. അങ്ങോട്ടു വളരെ ആദരവോടെ, ബഹുമാനത്തോടെയാണു സംസാരിക്കുന്നത്. ആ ഒരു മാന്യതയുടെ അംശമെങ്കിലും തിരിച്ചു പ്രതീക്ഷിക്കുന്നുണ്ട്” – ദയാ പാസ്കല്‍ പറഞ്ഞു.