കൊച്ചി.യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് നാളേക്ക് മാറ്റി. വിജയ് ബാബു ആദ്യം കേരളത്തിൽ എത്തട്ടെ എന്നും രേഖകളെല്ലാം കോടതിയ്ക്ക് നൽകട്ടേ എന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി. വിജയ് ബാബു തിരിച്ചെത്തുന്നത് വരെ ഇടക്കാല ജാമ്യം നൽകിക്കൂടെ എന്ന് കോടതി വാക്കാൽ ചോദിച്ചെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഈ മാസം 30 ന് കേരളത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ മുൻകൂർ‍ ജാമ്യ ഹർജി തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.

വിജയ് ബാബുവിനെതിരേ ശക്തമായ വാദങ്ങളാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്. വിജയ് ബാബു നിയമത്തിൽനിന്ന് രക്ഷപ്പെട്ടയാളാണ്. അയാളോട് കരുണ പാടില്ല. വിജയ് ബാബു എവിടെയാണെങ്കിലും അറസ്റ്റ് ചെയ്യാൻ അറിയാമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിവരാൻ പ്രതി കോടതിയുടെ മുന്നിലേക്ക് നിർദേശങ്ങൾ വെയ്ക്കുകയാണ്. ഇത് വെച്ചുപൊറുപ്പിക്കാൻ കഴിയുന്നതല്ലെന്നും ഇതിന് വഴങ്ങരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർനടപടികൾ എടുത്താൽ പോരേയെന്ന് കോടതി ചോദിച്ചത്.


ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനോടും പരാതിക്കാരിയോടും കോടതി ആവശ്യപ്പെട്ടു.
ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോർണർ നോട്ടീസ് ഇറങ്ങുന്നത് വൈകാൻ കാരണം. എന്നാൽ കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. 30ആം തീയതി പുലർച്ചയോടുകൂടി നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് വിജയ്ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്