വിദ്യാഭാസം- തൊഴിൽ മേഖലകളിൽ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാർഹമെന്ന് രാഷ്‌ട്രപതി

തിരുവനന്തപുരം: വിദ്യാഭാസം- തൊഴിൽ മേഖലകളിൽ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാർഹമെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്.

സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്നും തിരുവനന്തപുരത്ത് വനിത പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തിയത്. പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്.

ഇന്നലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി, സതേൺ എയർ കമാൻഡ് എ ഒ കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ജെ ചലപതി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

Advertisement