കായംകുളം. പാര്‍ട്ടി ഡ്രഗ് എന്ന എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്.

ഇവരുടെ പക്കല്‍ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരും. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. വെളുപ്പിന് അഞ്ച് മണിയോടുകൂടിയാണ് ദമ്പതികള്‍ കായംകുളത്തെത്തിയത്.

എസ് പിയുടെ സ്പെഷ്യല്‍ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയില്‍ വ്യാപകമായി എംഡിഎംഎ പിടികൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. 150 ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്ച്ചക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്. കൊല്ലം ഡാന്‍സാഫ് ടീം 46.5ഗ്രാം എംഡിഎംഎ യുമായി രണ്ടുയുവാക്കളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇത് ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം വില വിപണിയില്‍ ഉള്ളതാണ്. കൊല്ലത്തെ ഏറ്റവും വലിയ എംഡിഎംഎ ക്യാച്ച് ആയിരുന്നു ഇത്. കായംകുളത്തെ ലഹരിക്ക് ആറുലക്ഷത്തിലേറെ വിലവന്നേക്കും.