പച്ചക്കറികളെ നശിപ്പിക്കുന്ന വെള്ളീച്ചയെ തുരത്താൻ ഇതാ ഒരെളുപ്പ വഴി

Advertisement

വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച അഥവാ White fly (Trialeurodes vaporariorum). ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവന്നിരുന്നത്. പിന്നീട് പച്ചക്കറികളിലേക്കും തെങ്ങ് ഉള്‍പ്പെടെയുള്ള ദീര്‍ഘകാലവിളകളിലേക്കും വ്യാപിച്ചു. കാലാവസ്ഥാവ്യതിയാനമാണ്‌ ഈ കീടം വ്യാപകമാകാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു.

നീരൂറ്റിക്കുടിക്കുന്നതിനൊപ്പം തന്നെ വെള്ളീച്ചകള്‍ ഉൽപാദിപ്പിക്കുന്ന മധുരസ്രവം താഴെയുള്ള ഇലകളില്‍ വീഴുന്നതിനാല്‍ കരിപുരണ്ടതു പോലെയുള്ള കുമിള്‍ (Sooty Mould) വളര്‍ന്ന് ഇലകളില്‍ പ്രകാശസംശ്ലേഷണം തടസപ്പെടുത്തുന്നതും വിളകളുടെ ഉൽപാദനം കുറയ്ക്കുകയും ചെയ്യും.

അടുക്കളത്തോട്ടത്തിൽ പച്ചമുളകിലും തക്കാളിയിലും വെള്ളീച്ച ശല്യം രൂക്ഷം ആവാറുണ്ട്. വേപ്പെണ്ണ വെള്ളത്തിൽ ചേർത്തു ഒഴിച്ചും , കടലപ്പിണ്ണാക്ക് കുതിർത്ത് തെളി ഒഴിച്ചും ഇതിനെ നേരിടാൻ നമ്മൾ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് ശാശ്വതമായ ഫലപ്രാപ്തി നൽകുന്നില്ല.
എന്നാൽ നമ്മുടെ അടുക്കളത്തോട്ടത്തിലെ വെള്ളീച്ച എന്ന വില്ലനെ തുരത്താൻ ഏറ്റവും മികച്ച ഒരു വഴി ഇതാ.


വെള്ളീച്ച തുടക്കത്തിലേ കണ്ടെത്തി ഈ മിശ്രിതം അടിച്ചാൽ ഒരിക്കൽപോലും വെള്ളീച്ച ശല്യം ഉണ്ടാകില്ല. ആഴ്ചയിൽ ഒരിക്കൽ ചെയ്യണമെന്നു മാത്രം. കാലത്തോ വൈകുന്നേര സമയങ്ങളിലോ ചെയ്യാം.



പ്രധാനമായും ഇതിൽ ചേർക്കേണ്ടത് വെർട്ടിസീലിയം(verticillium) എന്ന ജൈവകീടനാശിനി ആണ്.
ഒരു ലിറ്റർ വെള്ളത്തിൽ വെർട്ടിസീലിയം 5 ml, വേപ്പെണ്ണ 5ml, ആവണക്കെണ്ണ 5 ml, 5 ഗ്രാം ശർക്കര പൊടിച്ചത് എന്നിവ നന്നായി അഞ്ച് മിനിറ്റോളം നേരം മിക്സ് ചെയ്യുക. ഇതിനുശേഷം ഒരു സ്പ്രേയറിൽ ഈ ലായിനി എടുത്ത ചെടിയുടെ താഴത്തെ ഇല തൊട്ട് തെളിച്ചു കൊടുക്കുക. അതായത് വെള്ളീച്ച ശല്യം ചെടിയുടെ താഴ്ഭാഗത്ത് ഇലകളിൽ അധികമായി കണ്ടുവരാറുണ്ട്.
അതുകൊണ്ട് ഏതൊക്കെ ഇലകളിൽ വെള്ളീച്ച ശല്യം ഉണ്ട് എന്ന് കൃത്യമായി ഉറപ്പുവരുത്തി അതിൽ മുഴുവനായും അടിച്ചു കൊടുക്കണം. നമ്മുടെ അശ്രദ്ധ കാരണം ഏതെങ്കിലും വശത്ത് വെള്ളീച്ച ഉണ്ടെങ്കിൽ അത് പെറ്റു പെരുകുകയും, മറ്റു ചെടികളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.


ഇപ്പോൾ മുളക് ചെടിയിൽ ആണ് ഈ ലായനി പ്രയോഗിക്കുന്നത് എങ്കിൽ അടുത്തുള്ള തക്കാളി ചെടിയിലും ശല്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തി വേണം പ്രയോഗം നടത്താൻ. ഒരു ചെടിയിൽ അടിച്ച് മറ്റൊരു ചെടിയിൽ അടിക്കാത്ത പക്ഷം വെള്ളീച്ച ശല്യം രൂക്ഷമാവുകയാണ് ചെയ്യുക. അതോടൊപ്പം ചെയ്യേണ്ട മറ്റൊരു കാര്യം മഞ്ഞക്കെണി വയ്ക്കുക എന്നതാണ്. അതും വെള്ളീച്ചയെ നേരിടാൻ ഏറെ മികച്ചതാണ്.

Advertisement