കണ്ണൂർ: പതിനാലു വയസുകാരിയായ പെൺകുട്ടിയുടെ ഫോട്ടോ അശ്ലീല രൂപത്തിൽ മോർഫ് ചെയ്ത് വികൃതമാക്കി അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും അയച്ചു കൊടുത്ത യുവാവ് അറസ്റ്റിൽ.യുവാവിനെ പരിയാരം പൊലീസ് പോക്‌സോ കേസ് ചുമത്തിയാണ് അറസ്​റ്റു ചെയ്തത്.ശ്രീസ്ഥ സ്വദേശി ഇട്ടമ്മൽ വീട്ടിൽ സച്ചിനെ (28) യാണ് പരിയാരം പൊലീസ് ഇൻസ്‌പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിൽ അറസ്​റ്റു ചെയ്തത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ഏറെ ദിവസങ്ങളായുള്ള സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത് .പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സച്ചിനാണ് ഇതിന് പിന്നിലെന്ന് ബന്ധുക്കളോ പൊലീസോ കരുതിയില്ല .താൻ പിടിക്കപ്പെടുമെന്ന ധാരണയില്ലാത്തിനാൽ സച്ചിനാണ് പൊലീസിൽ പരാതി നൽകാനും മ​റ്റു കാര്യങ്ങൾക്കുമായി ഇവരോടൊപ്പമുണ്ടായിരുന്നത്.കുടുംബം തകർക്കുമെന്ന അടിക്കുറിപ്പെഴുതി പെൺകുട്ടിയുടെ ഇരുപതോളം ഫോട്ടോകളാണ് ഇത്തരത്തിൽ ലഭിച്ചത്.

ഇതോടെയാണ് പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിക്കുന്നത് . കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് ഇയാൾ ഉപയോഗിച്ച വ്യാജ ഐ.ഡി പരിശോധിച്ച ശേഷം പൊലീസിന് വ്യക്തമായിരുന്നു .എന്നാൽ സച്ചിൻ ഇവരുടെ കുടുംബവുമായി അടുത്തയാളായതിനാൽ സംശയിച്ചിരുന്നില്ല. മോർഫ് ചെയ്ത ഫോട്ടോകൾ ഇൻസ്​റ്റഗ്രാമിൽ ഉൾപ്പെടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.