കൊച്ചി. പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പരാമർശത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. പോസ്റ്റിൽ അർച്ചന കവി വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ നടി പരാതി നൽകാത്ത സാഹചര്യത്തിൽ പോലീസ് മറ്റു നടപടികളിലേക്ക് നീങ്ങിയിട്ടില്ല.

കഴിഞ്ഞ ദിവസം ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പോലീസ് മോശമായി പെരുമാറി എന്നാണു നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഓട്ടോ തടഞ്ഞ് നിർത്തിയ പൊലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്റ്റിൽ നടി വ്യക്തമാക്കിയത്. നടിയുടെ പരാമർശം സമൂഹ മാധ്യമങ്ങൾ അടക്കം വലിയ ചർച്ചയായതോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ രവീന്ദ്രനാഥ നോട് വിഷയത്തെപ്പറ്റി അന്വേഷിക്കാൻ നിർദേശിക്കുകയായിരുന്നു.


തോപ്പുംപടിയിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം ഉണ്ടായതെന്നാണ് സൂചന. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നടി പരാതി നൽകാത്ത സാഹചര്യത്തിൽ ഒത്തുതീർപ്പിന് ഒരുങ്ങുകയാണ് പോലീസ് എന്നാണ് ലഭിക്കുന്ന വിവരം.