കൊല്ലം: കിരണിന്റെ ശിക്ഷാവിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കോടതിയിലേക്ക് എത്തിയത് വിവാഹസമയത്ത് മകള്‍ക്ക് നല്കിയ കാറില്‍. പോരാട്ടം തുടരുമെന്നും ത്രിവിക്രമന്‍നായര്‍.
തന്റെ മകളുടെ ആത്മാവ് കാറിലുണ്ടെന്നും അതുകൊണ്ടാണ് മുന്‍സീറ്റ് ഒഴിച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ കാര്‍ വാങ്ങാന്‍ വിസ്മയയ്ക്കൊപ്പമാണ് പോയത്. അവള് ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിവിക്രമന്‍ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോയത്. ഈ കാറിനെ ചൊല്ലിയാണ് കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നത്.

തനിക്ക് ഇഷ്ടമുള്ള കാറല്ല സ്ത്രീധനമായി ലഭിച്ചതെന്നും, വെന്റോ കാറാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പറഞ്ഞാണ് ഇയാള്‍ വിസ്മയയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നത്. ഇഷ്ടപ്പെട്ട കാര്‍ കിട്ടില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ വിവാഹം വേണ്ടെന്നുവയ്ക്കുമായിരുന്നെന്ന് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കേസില്‍ ഇന്നലെയാണ് കിരണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നാലെ വിസ്മയയ്ക്ക് നീതി ലഭിച്ചെന്ന് കുടുംബം പ്രതികരിച്ചിരുന്നു. മകള്‍ കുറേ അനുഭവിച്ചുവെന്നും അതിനുള്ള കൂലിയാണ് കോടതി വിധിയെന്നുമായിരുന്നു ഇന്നലെ കോടതി മുറ്റത്തുവച്ച് ത്രിവിക്രമന്‍ നായര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കിരണിന് മാതൃകാപരമായ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പോരാട്ടം അവസാനിക്കുന്നില്ല. കിരണിന്റെ കുടുംബാംഗങ്ങള്‍ക്ക് മകളുടെ മരണത്തില്‍ പങ്കുണ്ട്. വീട്ടില്‍ പീഡനം നടക്കുമ്പോള്‍ ഇടപെടാതിരിക്കുകയും തന്നെ അറിയിക്കാതിരിക്കുകയും ചെയ്തതും ഫോണ്‍ സംഭാഷണങ്ങളില്‍ ഗൂഡാലോചന നടത്തിയതുംമൊക്കെയായി ഇവരുടെ പങ്ക് വ്യക്തമാണ്. അതിനുവേണ്ടിയാവും ഇനി തന്റെ പോരാട്ടം.