കൊച്ചി. ബലാല്‍സംഗക്കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തിയശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി . നാട്ടിലേക്കുള്ള മടക്കയാത്രയുടെ ടിക്കറ്റ് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
കേസുമായി സഹകരിക്കുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു.
വിദേശത്തുള്ള വിജയ് ബാബു നാളെ കീഴടങ്ങിയില്ലെങ്കില്‍ റെഡ് നോട്ടിസിറക്കുമെന്ന് കൊച്ചി പൊലീസ് കമ്മിഷണറും വ്യക്തമാക്കി.

നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉപാധി വെച്ചത്. ഹൈക്കോടതിയുടെ പരിധിയിൽ തിരിച്ചെത്തണം. തിരികെ രാജ്യത്തെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.കോടതി പറയുന്ന ദിവസം ഹാജരാകാൻ തയ്യാറാണെന്ന് വിജയ് ബാബു അറിയിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാമെന്നും വിജയ് ബാബു കോടതിയെ ബോധ്യപ്പെടുത്തി.അതേസമയം വിദേശ രാജ്യത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കിൽ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു.

റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്ലാത്തത് തടസമാകില്ല. പാസ്‌പോർട്ട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ മെയ് 19 നും പാസ്‌പോർട്ട് ഓഫീസർക്ക് മുൻപാകെ ഹാജരാകണമെന്ന് വിജയ് ബാബുവിന് നിർദ്ദേശം നൽകിയിരുന്നു. ഒളിവിൽ തുടരുന്ന വിജയ് ബാബുവിനെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്