ചാരുംമൂട്: കൊട്ടവഞ്ചിയിലൂടെ സവാരി ചെയ്ത് പ്രകൃതിഭംഗി ആസ്വദിക്കാൻ ഇനി ആലപ്പുഴക്കാർ ദൂരെയെങ്ങും ചുറ്റിക്കറങ്ങണമെന്നില്ല. നേരെ വണ്ടി പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിലേക്ക് വിട്ടാൽമതി.

കാവും കുളങ്ങളും പാടങ്ങളും തിങ്ങിനിറഞ്ഞ പ്രകൃതിരമണീയ കാഴ്ചകൾ കണ്ടശേഷം കരിങ്ങാലിച്ചാൽ പുഞ്ചയിലൂടെ ഒരു കൊട്ടവഞ്ചി സവാരിയും നടത്തി മനം നിറഞ്ഞ് തിരികെ പോകാം. വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ പാലമേൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ശാന്തിഗിരി വില്ലേജ് ടൂറിസം സെന്റർ എന്ന സ്വകാര്യ കൂട്ടായ്മയാണ് കൊട്ടവഞ്ചി സവാരി ഒരുക്കിയിരിക്കുന്നത്.

കൊട്ടവഞ്ചി സവാരി, പെഡൽ ബോട്ടിംഗ്, ഫൈബർ വള്ളം എന്നിവയിൽ യാത്രക്കാർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പുഞ്ചയുടെ ഓരത്ത് സന്ദർശകർക്ക് ഇരിക്കാൻ ഇരിപ്പിടങ്ങളും ലഘു ഭക്ഷണശാലയും സുരക്ഷാഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.