ആലപ്പുഴ:മകനുവേണ്ടിയുള്ള കാത്തിരിപ്പ് വിഫലം, ഒടുവില്‍ ആ പിതാവ് മടങ്ങി. പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുലിന്റെ പിതാവ് ജീവനൊടുക്കി. പൂന്തോപ്പ് (പഴയ ആശ്രമം) വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ എ.ആര്.രാജു (58) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍ എത്തിയ അയല്‍വാസിയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ 18നാണ് രാഹുലിനെ കാണാതായി 17 വര്‍ഷം പൂര്‍ത്തിയായത്. ഒരു ആത്മഹത്യക്കുപരി സ്വന്തം മകന് എവിടെയെന്നോ എന്തുസംഭവിച്ചു വെന്നോ അറിയാന്‍ വേണ്ടി അലഞ്ഞ ഒരഛന്റെ കഥയാണ് അവസാനിച്ചത്.
2005 മേയ് 18നാണ് മദ്ധ്യവേനല്‍ അവധിക്കാലത്ത് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതായത്. ഈ 18 ന് രാഹുലിനെ കാണാതായിട്ട് 17 വര്‍ഷം തികഞ്ഞിരുന്നു. മകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അലട്ടിയതാകാം പിതാവ് ജീവനൊടുക്കാന്‍ കാരണമെന്നാണ് കരുതുന്നത്.

ഉത്തരംകിട്ടാത്ത സമസ്യ പോലയൊണ് രാഹുലിന്റെ തിരോധാനവും. ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്ബതികളുടെ മകനായ രാഹുലിനെ കാണാതാകുമ്ബോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അവന്.
ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്ബും കണ്ടെത്താനായില്ല. ലോക്കല്‍ പോലിസ് അന്വേഷണം പരാജയമായതോടെ കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടിയുള്ള മുറവിളികളും ഇതിനിടെ ഉയര്‍ന്നിരുന്നു. മുത്തച്ഛന് ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ല്‍ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ സിബിഐക്കും കേസില്‍ ഒന്നും കണ്ടെത്താനായില്ല.
രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസില്‍ സംശയയിക്കപ്പെട്ട രാഹുലിന്റെ അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു.ഒന്നും ഗുണം ചെയ്തില്ല. മുത്തഛനും കാത്തിരിപ്പിനൊടുവില്‍ മരിച്ചു.
മകനെ കാണാതായ സംഭവത്തെത്തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ രാജു , പിന്നീട് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകന്റെ കളിപ്പാട്ടവും കുഞ്ഞുടുപ്പും സൂക്ഷിച്ചിരുന്ന രാജു. മകന് ഇപ്പോഴെങ്ങനെയാവും എന്ന് ഒരു ചിത്രകാരന്റെ ഭാവനയില്‍ നിന്നും വരപ്പിച്ചെടുത്ത് അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വല്ലാതെ നിരാശയിലായിരുന്നു രാജു. മരിക്കുന്നതായി ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. അവര്‍ ആള്‍ക്കാരെ അറിയിച്ച് അവര്‍ ഓടി എത്തുമ്പോഴേക്കും ആളെതൂങ്ങിയനിലയില് കണ്ടെത്തുകയായിരുന്നു.
കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. നോര്‍ത്ത് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: മിനി (കണ്‍സ്യൂമര്‍ ഫെഡ് നീതി സ്റ്റോര്‍ ജീവനക്കാരി). മകള്‍: ശിവാനി (ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി).