മലപ്പുറം: മുൻ സ്‌പീക്കറും , നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി.

മലപ്പുറം തവനൂരിലെ വൃദ്ധസദനത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.

വിവാഹവേദി വൃദ്ധസദനമാകണമെന്ന് തീരുമാനമെടുത്തത് നിരഞ്ജന തന്നെയായിരുന്നു. വൃദ്ധ സദനത്തിലെ സ്ഥിരം സന്ദർശകരാണ് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി ശ്രീരാമകൃഷ്‌ണനും കുടുംബവും.

അന്തേവാസികളുടെ സ്നേഹം അനുഭവിച്ചറിഞ്ഞതാണ് തന്റെ വിവാഹ വേദി വൃദ്ധ സദാനമാകണമെന്ന നിരഞ്ജനയുടെ തീരുമാനത്തിന് പിന്നിൽ. ആഡംബരം ഒഴിവാക്കിയുള്ള വിവാഹത്തിന് കുടുംബം പൂർണ്ണ പിന്തുണ അറിയിച്ചതോടെ തവനൂർ വൃദ്ധ സദനം നിരഞ്ജനയുടെയും , വരൻ തിരുവനന്തപുരം സ്വദേശി സംഗീതിന്റെയും വിവാഹ വേദിയായി.

മാതൃകാവിവാഹത്തിന് സാക്ഷ്യം വഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി സാംസ്‌കാരിക കേരളത്തിലെ പ്രമുഖർ എത്തിയിരുന്നു. ഗവർണറാണ് വരണമാല്യം എടുത്തു കൊടുത്തത്.

ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. ചടങ്ങുകൾക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരവും ഒരുക്കിയിരുന്നു.