തിരുവനന്തപുരം.പ്രശസ്ത പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു. 46 വയസായിരുന്നു.
വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

തിരുവനന്തപുരം തിരുമലയില്‍ സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചെന്നയില്‍ സ്ഥിര താമസമാക്കിയ സംഗീത കഴിഞ്ഞ മാസമാണ് ചികിത്സാര്‍ത്ഥം കേരളത്തിലെത്തിയത്.


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളിൽ പാടിയ സംഗീത തമിഴിൽ ‘നാളൈതീർപ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്മാന്റെ സംഗീതസംവിധാനത്തിൽ കീഴിൽ ‘മിസ്റ്റർ റോമിയോ’യിൽ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തിൽ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടിൽ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തിൽ ഒടുവിലായി പാടിയത്.

കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ എന്നിവര്‍ സഹോദരങ്ങളാണ്.