കൊല്ലം ജില്ലയില്‍ ആദ്യം, കണ്ട് കെട്ടിയ വിവരം ചെന്നൈയിലെ ബന്ധപ്പെട്ട അതോറിറ്റിയില്‍ പോലീസ് അറിയിച്ചു
കൊല്ലം.നിരന്തരം കൂടിയ അളവില്‍ സിന്തറ്റിക്ക് ഡ്രഗ് വ്യാപാരത്തില്‍ ഏര്‍പ്പെട്ടയാളിന്‍റെ വാഹനം പോലീസ് കണ്ടു കെട്ടി. കരുനാഗപ്പളളി ക്ലാപ്പന വരവിള പാലക്കുളങ്ങര കൊല്ലന്‍റെ കിഴക്കതില്‍ അല്‍ അമീന്‍ (22) ന്‍റെ ജീപ്പാണ് പോലീസ് കണ്ടു കെട്ടിയത്. മറ്റ് വരുമാനമാര്‍ഗ്ഗമില്ലാത്ത ഇയാള്‍ മയക്ക് മരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ച ജീപ്പാണ് പോലീസ് കണ്ടു കെട്ടിയത്..
നിരന്തരം ബാംഗ്ലൂര്‍ സന്ദര്‍ശിക്കുന്ന ഇയാള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ആദ്യവാരം ബാംഗ്ലൂരില്‍ നിന്നും മടങ്ങി ഓച്ചിറയില്‍ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിക്ക് 11.92 ഗ്രാം എം.ഡി.എം.എയും 100 ഗ്രാം ഗഞ്ചാവുമായി പോലീസ് സംഘത്തിന്‍റെ പിടിയിലായത്. വിപണിയില്‍ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എയാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും തുശ്ചമായ വിലയ്ക്ക് വാങ്ങി മില്ലി ഗ്രാമിന് 2500 മുതല്‍ 3000 രൂപ വരെ വാങ്ങി ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതി.

കച്ചവടത്തിലെ അമിതലാഭമാണ് ഇയാളെ നിരന്തരം ബാംഗ്ലൂരെത്തി എം.ഡി.എം.എ കടത്തി കൊണ്ട് വരാന്‍ പ്രേരണയായത്. ധരിച്ചിരുന്ന ജീന്‍സില്‍ പ്രത്യേക അറയുണ്ടാക്കി അതിലൊളിപ്പിച്ചാണ് എം.ഡി.എം.എ കടത്തിയത്. ഇയാളുടെ നിരന്തര ബാംഗ്ലൂര്‍ സന്ദര്‍ശനത്തെ സംബന്ധിച്ച് കൊല്ലം ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാള്‍ സിറ്റി പോലീസ് മയക്ക്മരുന്ന് വിരുദ്ധ സ്പെഷ്യല്‍ സ്ക്വാഡിന്‍റെ (ഡാന്‍സാഫ്) നിരീക്ഷണത്തിലായിരുന്നു.

ബാംഗ്ലൂരില്‍ നിന്നും ഓച്ചിറയിലെത്തിയ ഇയാളെ ഡാന്‍സാഫ് ടീമും ഓച്ചിറ പോലീസുമടങ്ങിയ സംയുക്ത സംഘമാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ആഡംബര ജീവിതം നയിക്കുന്ന ഇയാളുടെ സാമ്പത്തിക സ്രോതസിനെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ജീപ്പും മറ്റും മയക്ക്മരുന്ന് വിപണനത്തിലൂടെ വാങ്ങിയതാണെന്ന് ബോധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്ക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ് ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കണ്ട് കെട്ടിയത്. കണ്ടു കെട്ടിയ വിവരം ചെന്നൈ കേന്ദ്രമായ ബന്ധപ്പെട്ട അതോറിറ്റിയെ അറിയിച്ചിട്ടുളളതുമാണ്. മയക്ക് മരുന്ന് വിപണത്തിലൂടെ സമ്പാദിച്ച പണം കണ്ടുകെട്ടുന്നത് കൊല്ലം ജില്ലയില്‍ ആദ്യമാണ്.
ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി. ഐ.പി.എസിന്‍റെ മേല്‍ നോട്ടത്തില്‍ സി.ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യൂവിന്‍റെ നേതൃത്വത്തില്‍ ഓച്ചിറ ഇന്‍സ്പെക്ടര്‍ വിനോദ്. പി, എസ്സ്.ഐ മാരായ നിയാസ്. എല്‍, എ.എസ്സ്.ഐ മാരായ സന്തോഷ്, വോണുഗോപാല്‍, സി.പി.ഒ രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് സ്വത്ത് കണ്ട് കെട്ടിയത്.