തിരുവനന്തപുരം: ക്യൂവില്‍ ഇടിച്ചും നാണംകെട്ടും കുപ്പിവാങ്ങിയ കാലം ഇനി പഴങ്കഥയാകും, സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള് പ്രീമിയം കൗണ്ടറുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഓഗസ്റ്റ് 1 നു മുന്‍പ് തീരുമാനം നടപ്പിലാക്കണമെന്നും, അല്ലാത്തപക്ഷം റീജിയണല്‍ മാനേജര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

മൊത്തം 163 ബീവറേജ് ഔട്ലെറ്റുകളാണ് വോക്ക് ഇന്‍ സംവിധാനം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. ഇവ പൂര്‍ണ്ണമായും പ്രീമിയം കൗണ്ടറുകളാക്കി മാറ്റാനാണ് തീരുമാനം. ഇതോടെ ഇഷ്ടമുള്ള മദ്യം ഉപഭോക്താക്കള്‍ക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളാണ് രൂപപ്പെടുന്നത്.
അതേസമയം, 2000 സ്ക്വയര്‍ഫീറ്റ് ഓരോ പ്രീമിയം ഔട്ട്ലെറ്റിനും സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റുകളില് ഇതിനുള്ള സ്ഥലമുണ്ടെങ്കില്‍ അവിടെ തന്നെ പ്രവര്‍ത്തിക്കാമെന്നും, അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ബിവ്റിജ്സ് പുതിയസ്ഥല ത്തേക്ക് മാറുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥലം നല്കുവാന് കെട്ടിടം ഉടമക്ക് താല്പര്യമുണ്ടായാലും അടുത്ത ആള്ക്കാര് ശക്തമായ സമരവുമായി രംഗത്തിറങ്ങും.സമീപത്ത് ജന ജീവിതം സ്തംഭിക്കുമെന്ന പഴയ ബിവറേജ് ഷോപ്പുകളുടെ ഭീകരാവസ്ഥമൂലമാണിത്. പുതിയ സംവിധാനത്തില്‍ മാന്യമായ സ്ഥാപനമായിക്കഴിഞ്ഞാല് പിന്നീട് ഈവിഷയത്തില്‍ റിസ്ക് വേണ്ടിവരില്ലെന്നാണ് കോര്പറേഷന് മേധാവികള്പറയുന്നത്. ഹൈക്കോടതിയുടെ ഇടപെടലും വിമര്‍ശനവുമാണ് കുടിയന്മാരെ മാന്യന്മാരായ കസ്റ്റമര്‍മാരായി കാണാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.