ആറ്റിങ്ങല്‍: വര്‍ക്കല – കല്ലമ്ബലം – തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ്) സര്‍വീസിലെ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ വന്‍ പ്രതിഷേധം.

സര്‍ക്കാര്‍ ജീവനക്കാരായ സ്ഥിരം യാത്രക്കാരെ നിരക്ക് വര്‍ദ്ധന മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. തുടക്കംമുതല്‍ ഒടുക്കം വരെ 104 രൂപയെന്ന ഒറ്റ നിരക്കാണ് വെള്ളിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയത്.

വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ബോണ്ട് സര്‍വീസില്‍ യാത്ര ചെയ്യുന്നതിന് വ്യാഴാഴ്ച വരെ 85 രൂപയും കല്ലമ്ബലത്ത് നിന്ന് 69 രൂപയും ആറ്റിങ്ങലില്‍ നിന്ന് 60 രൂപയുമായിരുന്നു നിരക്ക്. ഈ വ്യത്യാസം അവസാനിപ്പിച്ച് എവിടെ നിന്ന് ബസില്‍ കയറിയാലും ഒറ്റ നിരക്ക് നല്കണമെന്നാണ് ഇന്നലെ ബസില്‍ കയറിയ യാത്രക്കാരോട് കണ്ടക്ടര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ ഡിപ്പോയിലെത്തി അധികൃതരെ പ്രതിഷേധം അറിയിക്കുകയും പലരും ബസ് ബഹിഷ്‌കരിക്കുകയും ചെയ്തു. സാധാരണ ഫാസ്റ്റ് പാസഞ്ചറില്‍ ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 50 രൂപയും കല്ലമ്ബലത്ത് നിന്ന് 59 രൂപയുമാണ് ഇപ്പോഴത്തെ യാത്രാനിരക്ക്.

നിരക്ക് വര്‍ദ്ധന മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണെന്ന് ആറ്റിങ്ങല്‍ ഡിപ്പോ അധികൃതര്‍ പറഞ്ഞു. സാധാരണബസിലെ യാത്രാനിരക്ക് ഒന്നാം തീയതി മുതല്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ബോണ്ട് സര്‍വീസിലെ നിരക്കില്‍ വര്‍ദ്ധനയുണ്ടായിരുന്നില്ല. ഇപ്പോള്‍ ബോണ്ട് സര്‍വീസിലെ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.