സ്റ്റീഫന്‍

കുട്ടനാട്.കനത്ത മഴ കാരണം കുട്ടനാട്ടിലെ നെല്ല് സംഭരണം അവതാളത്തിൽ. സംഭരണം കൃത്യമായി നടക്കാത്തതിനാൽ പല പാടശേഖരങ്ങളിലും കൊയ്ത കൂട്ടിയിട്ടിരുന്ന നെല്ല് കനത്ത മഴയിൽ വെള്ളം കയറി നശിക്കുന്നു.
കുട്ടനാട്ടിൽ കൊയ്തു കൂട്ടിയിട്ടിരുന്ന മൂവായിരത്തോളം ക്വിന്റൽ നെല്ല് കനത്ത മഴയിൽ മുങ്ങി.
ഒരാഴ്ചയായി പെയ്യുന്ന മഴയിൽ പാടങ്ങളിലെ വെള്ളത്തിൽ നിന്നും കൊയ്തെടുത്ത നെല്ല് ഉണക്കാനും പതിര് കളയാനുമുളള പരിശ്രമങ്ങളും പാളി പോയി.


മുൻ കാലങ്ങളിൽ കൊയ്ത് എടുക്കുന്ന നെല്ല് പാടത്ത് തന്നെ കൂട്ടിയിടുകയായിരുന്നു പതിവ്. എന്നാൽ മഴ കനത്തതോടെ നെല്ല് കരയ്ക്ക് എത്തിക്കാനും പതിര്കളയാനും കഷ്ടപ്പെടുകയാണ് കർഷകർ.
വിത മുതൽ കൊയ്ത്ത് വരെ മഴ കാരണം നേരിട്ട പ്രതിസന്ധിക്ക് പിന്നാലെ നെല്ല് സംഭരണം കൂടി മുടങ്ങുന്ന സ്ഥിതിയിലായതോടെ കർഷകരുടെ ഭാരം ഇരട്ടിക്കുകയാണ്.

1000 ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 120 ക്വിന്റൽ നെല്ല് കിഴിവിനത്തിൽ നൽകണമെന്നാണ് മില്ലുടെയും ഇടനിലക്കാരുടെയും ആവശ്യം.ഒരു ക്വിൻ്റലിന് 2850 രൂപയാണ് സംഭരണവില. ഇടനിലക്കാരെ അനുവദിക്കില്ലെന്ന് കൃഷി വകുപ്പ് ആവർത്തിക്കുമ്പോഴും കൊള്ളയ്ക്ക് കുറവില്ല. ഇനിയും സംഭരണം വൈകിയാൽ കടുത്ത പ്രതിസന്ധിയിലേക്ക് കർഷകർ നീങ്ങും. അപ്പർകുട്ടനാട് ,കുട്ടനാട് മേഖലകളിലെല്ലാം പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂപപെട്ടു കഴിഞ്ഞു.