നടി നിക്കി ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.


വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകൾ നടിയുടെ വീട്ടിൽ നടന്നു. ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.
ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഇക്കഴിഞ്ഞ മാർച്ച് 24-നായിരുന്നു വിവാഹനിശ്ചയം.

മാർച്ച് 28-ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വീഡിയോ പങ്കുവെച്ചിരുന്നു. പോസ്റ്റുചെയ്ത് അധികം താമസിയാതെ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടർന്ന് വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളിൽ അഭിനയിച്ചു.നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതനാണ് ആദി. തമിഴ്-തെലുങ്ക് ചിത്രം ക്ലാപ്പ് ആണ് ആദിയുടേതായി അവസാനം പുറത്തുവന്നത്. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രം വാരിയറിലും ആദിയുടെ സാന്നിധ്യമുണ്ട്.