കൊല്ലം. സാഹിത്യത്തിലെ ഭാവാവിഷ്ക്കാരത്തിനൊപ്പം നൂതന വിജ്ഞാനം ആവിഷ്കരിക്കാനുള്ള പ്രാപ്തികൂടി മലയാളം നേടിയാലേ ഭാഷയുടെ നിലനിൽപ്പും, വൈജ്ഞാനിക സമൂഹമെന്ന കേരളത്തിന്റെ ആഗ്രഹവും അനായാസമാകൂ എന്ന് കവി കെ. സച്ചിദാനന്ദൻ പറഞ്ഞു. മലയാളഭാഷയെ സമകാലീനമാക്കാനുള്ള ശ്രമങ്ങൾ ഇനിയും വൈകരുതെന്നും
കവി ഓർമിപ്പിച്ചു. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പ്രഥമ ആദിനാട് ഗോപി പുരസ്കാരം, മന്ത്രി ആർ. ബിന്ദുവിൽനിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രവും, സാങ്കേതികശാസ്ത്രവുമൊക്കെ തങ്ങളുടെ ഭാഷയിൽതന്നെ കുട്ടികളെ പഠിപ്പിക്കുമെന്ന് വളരെ നേരത്തെ കൈക്കൊണ്ട തീരുമാനത്തിലൂടെയാണ് കൊറിയൻ, ജാപ്പനീസ്, ചൈനീസ് ഭാഷകൾ ഇന്ന് വിജ്ഞാനത്തെ വളർത്താനും സാധിക്കുന്നരീതിയിൽ വികസിച്ചതെന്നും; ആ തീരുമാനം ഭാഷയോടുള്ള അഗാധമായ സ്നേഹത്തിൽനിന്നുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

മലയാള ഭാഷയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ഉത്കണ്ഠ ഇന്നും അവസാനിച്ചിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ കുറച്ചുപേർ ഇരുന്നു നിഘണ്ടു തയാറാക്കിയതുകൊണ്ടു മാത്രം ഭാഷ നിലനിൽക്കില്ല. നിത്യവ്യവഹാരത്തിലെ പ്രയോഗമായി മാറിയെങ്കിലേ അതു നിലനിൽക്കൂ.
ഒരു സംസ്കാരം നശിക്കുമ്പോൾ ഒരു ഭാഷ ഇല്ലാതാകും. കൃഷി ഇല്ലാതാകുമ്പോൾ അതുമായി ബന്ധപ്പെട്ട വാക്കുകൾ ഇല്ലാതാകും. കേരളത്തിനു പുറത്തു താമസിക്കുന്നവരുടെ മക്കളോ ചെറുമക്കളോ മലയാളം സംസാരിക്കാറില്ല. ഭാഷ നിരന്തരം പരിണമിച്ചു കൊണ്ടിരിക്കണംഅദ്ദേഹം പറഞ്ഞു.
രണ്ടു ഭാവങ്ങളെ ഏറ്റവും ഭംഗിയായി സമന്വയിപ്പിക്കുന്ന കവിയാണു സച്ചിദാനന്ദൻ എന്നു മന്ത്രി ആർ ബിന്ദു പറഞ്ഞു. യോദ്ധാവിന്റെ ഭാവവും ബുദ്ധന്റെ കരുണയും സമന്വയിക്കുന്നത് അദ്ദേഹത്തിന്റെ കവിതയിൽ കാണാം. എഴുത്തിന്റെ രസതന്ത്രം ഏറ്റവും മനോഹരമായി ആവിഷ്കരിക്കുന്ന സച്ചിദാനന്ദൻ കവിതയിൽ വാക്കിന്റെ കുളിർക്കാറ്റും തീക്കാറ്റുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ അധ്യക്ഷനായി. ഡോക്യുമെന്ററി പ്രകാശനം ഡോ.പി കെ ഗോപൻ നിർവഹിച്ചു. എൻഡോവ്മെന്റ് വിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ് നാസർ നിർവഹിച്ചു. ഡോ വള്ളിക്കാവ് മോഹൻദാസ് പ്രൊഫ. ആദിനാട് ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, ഡോ.കെ ബി ശെൽവമണി, എൻ ഷൺമുഖദാസ്, ഡോ. ഏ ജി ഷിബി, പി ഉഷാകുമാരി എന്നിവർ സംസാരിച്ചു.
∙.