കൊച്ചി.തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർഥിയില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജോ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങൾ വഴിയാണറിഞ്ഞതെന്നും
അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കൊപ്പം കർദിനാളിനെ സന്ദർശിച്ചു. സഭയുടെ മുഖ പത്രത്തിൽ സ്ഥാനാർഥി വിവാദത്തിൽ മുഖപ്രസംഗത്തിന് പിന്നാലെയാണ് കർദിനാളിന്റെ പ്രതികരണം

സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം വോട്ട് സ്വരൂപിക്കാനും ഭിന്നിപ്പിക്കാനുമുള്ള ആസൂത്രിത നീക്കമെന്നാണ് സഭയുടെ മുഖപത്രത്തിൽ മുഖപ്രസംഗം പറയുന്നത്,അതേ നിലപാട് കർദിനാളും ആവർത്തിച്ചു.ആശുപത്രിയിൽ സ്ഥാനാർഥിയെ അവതരിപ്പിച്ചത് സാന്ദർഭികമായിട്ടാണെന്ന് കർദിനാൾ വ്യക്തമാക്കി.തെരഞ്ഞെടുപ്പുകൾ ജനങ്ങളുടെതാണ്. അതിൽ സഭ ഇടപെടാറില്ല. എന്നാൽ സഭയുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും വിശ്വാസികൾ വോട്ടു ചെയ്യുകയെന്നും കർദിനാൾ പറഞ്ഞു.

സമദൂരം എന്നത് നിക്ഷിപ്ത താത്പര്യങ്ങൾ ഉള്ളവരുടെ നിലപാടാണെന്നും അതിനോട് യോജിപ്പില്ലെന്നും കർദിനാൾ മറുപടി നൽകി.
UDF സ്ഥാനാർത്ഥി ഉമ തോമസും മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും രാവിലെ കർദിനാളുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ അനുഗ്രഹമുണ്ടെന്ന് ഉമാ തോമസ് വ്യക്തമാക്കി

സഭയുടെ പിന്തുണയുണ്ടാകുമെന്ന് ഉമ്മൻചാണ്ടിയും പ്രതികരിച്ചു.
വിവാദങ്ങൾ ഉണ്ടാകുമ്പോൾ സഭയുടെ മേൽ പഴിചാരാനുള്ള ചിന്ത അപകടകരമാണെന്ന് ദീപിക ദിനപത്രത്തിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കർദിനാളിന്റെ പരസ്യ പ്രതികരണം. സഭാ സ്ഥാപനങ്ങളെ ആക്രമിക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു