കൊച്ചി.നാമനിർദേശ പത്രിക  പിൻവലിക്കാനുള്ള സമയം പൂർത്തിയായതോടെ തൃക്കാക്കരയിലെ
സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു.എൽ ഡി എഫ്, യുഡിഎഫ്, എൻ ഡി എ സ്ഥാനാർത്ഥികൾ ഉൾപ്പടെ എട്ട് പേർ മത്സര രംഗത്ത്. സ്ഥാനാർത്ഥികൾക്ക് ചിഹ്നവും അനുവദിച്ചു. തൃക്കാക്കരയിൽ മൂന്ന് മുന്നണികളുടെയും രണ്ടാംഘട്ട പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു.

യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിൻ്റെ പേരാണ് വോട്ടിംഗ് മെഷീനിൽ ആദ്യം.  തൊട്ട് താഴെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ്, അതിന് താഴെ എൻ ഡി എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ.
ഇവരുൾപ്പടെ എട്ട് പേരാണ് മത്സര രംഗത്ത്.എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ അപരൻ ജോമോൻ ജോസഫും മത്സര രംഗത്തുണ്ട്.ജോമോൻ ജോസഫ്, അനിൽ നായർ, സി.പി.ദിലീപ് നായർ, ബോസ്കോ കളമശേരി, മന്മഥൻ എന്നിവർ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്.

രണ്ടാംഘട്ടം അവസാനിക്കുമ്പോൾ സ്ഥാനാർത്ഥികൾ മണ്ഡല പര്യടനം സജീവമാക്കി.ജോ ജോസഫിന്റെ വാഹന പ്രചാരണം രാവിലെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരൊന്നടങ്കം തൃക്കാക്കരയിൽ ഇടത് പ്രചാരണത്തിനിറങ്ങി..പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കെ റെയില്‍ കല്ലിടലില്‍നിന്നും സര്‍ക്കാര്‍ പിന്മാറിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. വിവേകമില്ലാത്ത തീരുമാനത്തില്‍നിന്നും തിരിച്ചടി ഭയന്നുള്ള പിന്മാറ്റമായി അതിനെ യുഡിഎഫും എന്‍ഡിഎയും അവതരിപ്പിക്കുമ്പോള്‍. തന്ത്രപരമായ പിന്മാറ്റമായി ഇടതു പ്രവര്‍ത്തകരും പ്രതീക്ഷ നല്‍കലായി അനുഭാവികളും കാണുന്നു. ട്വന്‍റി ട്വന്‍റിയുടെ വോട്ടിനുവേണ്ടിയുള്ള മനസു ചോദ്യവും തൃക്കാക്കരയില്‍ ചുറ്റിത്തിരിയുന്നു. പലസമുദായത്തിനുമുള്ളതിലേറെവോട്ട് അരാഷ്ട്രീയ തൃക്കാക്കരയില്‍ ട്വന്‍റിട്വന്‍റിക്ക് ഉണ്ടെന്ന് രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഉമാ തോമസിന്റെ മണ്ഡല പര്യടനം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന് ബി.ജെ പി ആരോപിച്ചു..യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് തിരുവനന്തപുരത്ത് ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച നടത്തി.

എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനം ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് നിർവഹിച്ചു.