കോഴിക്കോട്. കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണു. മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ചാലിയാറിന് കുറുകെ കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകർന്ന് വീണത്.
തിങ്കളാഴ്ച രാവിലെ ഒൻപത്‌മണിയോടെ പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.

താല്‍ക്കാലികമായി സ്ഥാപിക്കുന്ന ഹൈഡ്രോളിക് ജാക്കിയുടെ സാങ്കേതിക പ്രശ്നമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

2019 മാർച്ചിലായിരുന്നു പാലത്തിന്റെ നിർമാണപ്രവൃത്തി തുടങ്ങിയിരുന്നത്. പ്രവൃത്തി പുരോഗമിക്കവേ പുഴയിലെ ശക്തമായ ഒഴുക്കില്‍ ഐലന്‍ഡ് ഒലിച്ചുപോയതോടെ നിര്‍മാണപ്രവൃത്തി നേരത്തെ നിര്‍ത്തിവെച്ചിരുന്നു. അതേ സമയം തകർന്നുപോയ മൂന്ന് ബീമുകളും നീക്കം ചെയ്ത് ഒരു മാസത്തിനുള്ളിൽ പകരം പുതിയ ബീമുകൾ നിർമ്മിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് പ്രവൃത്തികൾ തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.