കെ റെയിൽ:സർവേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നീക്കം;ഐതിഹാസിക സമര വിജയമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം:കെ റെയിൽ പദ്ധതി സർവേയ്ക്കായി കല്ലിടലിനു പകരം ജിപിഎസ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നീക്കം.ഇതു സംബന്ധിച്ച്‌ റവന്യൂ വകുപ്പ് ഉത്തരവിറക്കി.കല്ലിടലിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിർണ്ണായക തീരുമാനം.

സർവേകൾക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.കെ റെയിൽ നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി.പദ്ധതിയിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും, സർവേ രീതി മാത്രമാണ് മാറുന്നതെന്നും കെ റെയിൽ എം ഡി അജിത് കുമാർ വിശദീകരിച്ചു.

പദ്ധതിയുടെ അലൈൻമെന്റ് നേരത്തെ ലിഡാർ സർവേ ഉപയോഗിച്ചു നിർണയിച്ചതാണെന്നും അതിനാൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച്‌ അതിർത്തി നിർണയിക്കാമെന്നും ആണ് കെറെയിൽ റവന്യു വകുപ്പിനെ അറിയിച്ചത്. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ അതിർത്തിനിർണയം നടത്താനും സ്ഥിരം നിർമിതികൾ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിർദേശിച്ചു.

സാമൂഹിക ആഘാത പഠനം നടത്തുന്ന സംഘങ്ങൾക്ക് സ്ഥലം തിരിച്ചറിയാനും അലൈൻമെന്റ് മനസിലാക്കാനും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം സംവിധാനം ഉള്ള സർവേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈൽ ഫോൺ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ലാൻഡ് റവന്യു കമ്മിഷണർമാർക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കലക്ടർമാർക്കും കത്തിന്റെ വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്. റെയിൽവേ ബോർഡിൽ നിന്ന് പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുമ്പോൾ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടർന്നു സർവേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം കെ റെയിൽ കല്ലിടൽ നിർത്തിയതിനെ ഐതിഹാസിക സമര വിജയമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞത്. യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിന്റെ ഒന്നാംഘട്ട വിജയമാണിത്. സർക്കാർ തെറ്റ് സമ്മതിച്ചു. പ്രതിഷേധക്കാർക്കെതിരേ എടുത്ത കേസ് പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisement