തിരുവനന്തപുരം: അതിര്‍ത്തിക്കപ്പുറം നടക്കുന്ന ഇടിവെട്ട് കവര്‍ച്ചാ രീതിയൊക്കെ കേരളത്തിലും നടപ്പാക്കി കൊള്ളസംഘങ്ങള്‍. കാര്‍യാത്രികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ച് പണവും സ്വര്‍ണവുമായി കടന്നുകളഞ്ഞ അഞ്ചു പ്രതികളില്‍ രണ്ടുപേരെ പൊലീസ് പിടികൂടി.
വെഞ്ഞാറമൂട് പനവൂര്‍ വാഴൂര്‍ വിളയില്‍ വീട്ടില്‍ നാസിം (43), പനവൂര്‍ റാഷിദ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് വെഞ്ഞാറമൂട്ടില്‍ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന കഴിക്കുംകര കിഴക്കേകോണത്ത് വീട്ടില്‍ മോഹനപ്പണിക്കരെയാണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്. അക്രമിസംഘം മോഹനപ്പണിക്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പഞ്ചറാണെന്ന് പറഞ്ഞു കൈ കാണിച്ചു. കാര്‍ നിര്‍ത്തി ഇറങ്ങിയ ആളെ അക്രമികള്‍ അവരുടെ കാറിലേക്ക് വലിച്ചുകയറ്റുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് സീറ്റില്‍ കമഴ്ത്തിക്കിടത്തിയാണ് മര്‍ദ്ദനം. കൂടാതെ 11 പവന്റെ മാലയും മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന 28000 രൂപയും പേഴ്‌സും മറ്റു രേഖകളും കൈക്കലാക്കുകയും ചെയ്തു. പൊലീസില്‍ വിവരമറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ഉപദ്രവിച്ചതായും മോഹനപ്പണിക്കര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റു മൂന്ന് പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചതായി വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജുനാഥ് അറിയിച്ചു.

സമാനമായ രീതിയില്‍ കേരളത്തിന് വെളിയില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. ഈ സംഘം ഇതുപോലെ മറ്റുവല്ലവരെയും ആക്രമിച്ചു കവര്‍ച്ച നടത്തിയോ എന്നും വെഞ്ഞാറമൂട് പൊലീസ് പരിശോധിക്കുന്നുണ്ട്.