തിരുവനന്തപുരം: കേരള സർക്കാരിന്റെ കീഴിലുള്ള ഓൺലൈൻ ടാക്സി സർവീസ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. ‘കേരള സവാരി’ എന്ന പേരിലാണ് ഓൺലൈൻ ടാക്സി സർവീസ് അറിയപ്പെടുക.

യൂബർ- ഒലെ മാതൃകയിലാണ് കേരള സവാരിയുടെ പ്രവർത്തനം.

പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് കേരള സവാരി ഡൗൺലോഡ് ചെയ്യാൻ കഴിയും. മൊബൈൽ ആപ്പിൽ കാണിക്കുന്ന പണം നൽകി യാത്രകൾ ബുക്ക് ചെയ്യാവുന്നതാണ്. നിലവിൽ, വെയ്റ്റിംഗ് ചാർജ്ജുകളെ കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. 24 മണിക്കൂർ സേവനമാണ് കേരള സവാരി ഉറപ്പുനൽകുന്നത്.

ആദ്യഘട്ടത്തിൽ കേരള സവാരി സംവിധാനം തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് ലഭ്യമാക്കുക. പരീക്ഷണാർത്ഥം 50 ടാക്സിയും 100 ഓട്ടോറിക്ഷയും ഓടിത്തുടങ്ങും. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 30 രൂപയും ടാക്സിയുടെ മിനിമം ചാർജ് 200 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ഓരോ ട്രിപ്പിനും ടാക്സി ഉടമ തുകയുടെ 8% സർക്കാറിന് നൽകണം.