പത്തനംതിട്ട .ഡപ്യൂട്ടി സ്പീക്കറും ആരോഗ്യമന്ത്രിയും തമ്മിലുള്ള പോര് ഏറ്റെടുത്ത് സിപിഐ സിപിഎം ഘടകങ്ങള്‍. ചിറ്റയം ഗോപകുമാറിനെ വിമര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി രംഗത്തെത്തി. ഫോണെടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ആരോപണമാണെന്നായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം.

പത്തനംതിട്ടയിലെ ക്യാബിനറ്റ് റാങ്കുള്ള രണ്ടുപേര്‍ തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കൃത്യമായി ക്ഷണിച്ചില്ലെന്ന ചിറ്റയം ഗോപകുമാറിന്റെ പരാതിക്ക് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി മറുപടി നല്‍കിയിരുന്നു. കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന് പറയുന്നത് പോലെയാണ് ചിറ്റയത്തിന്റെ പ്രതികരിണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിന് അതേ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍. ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണങ്ങളില്‍ പരസ്യപ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജും രംഗത്തെത്തി. തനിക്കെതിരെ ഉയരുന്നത് കെടുകാര്യസ്ഥതയോ, അഴിമതി ആരോപണമോ അല്ല. ആദ്യം എംഎല്‍എ ആയിരുന്നപ്പോള്‍ തുടങ്ങിയ ആരോപണം ആണ്. രണ്ടാം തവണ തനിക്ക് കിട്ടിയത് മൂന്നിരട്ടി ഭൂരിപക്ഷമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

എല്‍ഡിഎഫ് നേതൃത്വത്തിനും പാര്‍ട്ടി സെക്രട്ടറിമാര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് ചിറ്റയവും വീണയും. സംസ്ഥാന നേതാക്കള്‍ ഇടപെട്ട് വിഷയം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വങ്ങള്‍.