തിരുവനന്തപുരം: ഗുജറാത്ത് സര്‍ക്കാറിന്റെ ഇ-ഗവേണന്‍സ് സംവിധാനമായ ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സിസ്റ്റം കേരളത്തിലും നടപ്പാക്കാന്‍ ശുപാര്‍ശ.

ചീഫ് സെക്രട്ടറി വി.പി ജോയ് ആണ് സര്‍ക്കാറിന് ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഡാഷ് ബോര്‍ഡ് സംവിധാനം സ്ഥാപിക്കുക.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ഡാഷ് ബോര്‍ഡ് സംവിധാനം നടപ്പാക്കുന്നതിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇ-ഗവേണ്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 2019ലാണ് ഗുജറാത്തില്‍ ഡാഷ്ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയത്. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട്. സര്‍ക്കാറിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ വിരല്‍ത്തുമ്ബില്‍ തല്‍സമയം വിലയിരുത്താനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.

ഡേറ്റാബേസ് ഉണ്ടാക്കിയുള്ള സി.എം ഡാഷ് ബോര്‍ഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ്ങും നല്‍കാം. ഇതിലൂടെ ആരോഗ്യകരമായ മത്സരം സിവില്‍ സര്‍വിസ് രംഗത്തു കൊണ്ടുവരാനാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ഗുജറാത്ത് മോഡല്‍ ചര്‍ച്ചയായിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഡാഷ് ബോര്‍ഡിന്റെ പ്രവര്‍ത്തന രീതി മനസിലാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐ.എ.എസും ഉള്‍പ്പെട്ട സംഘം ഗുജറാത്ത് സന്ദര്‍ശിച്ചത്. ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ചീഫ് സെക്രട്ടറി പിന്നീട് പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here