തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറും പ്രമുഖ എഴുത്തുകാരനുമായിരുന്ന എൻ.വി. കൃഷ്ണവാര്യരുടെ 106-മത് ജന്മവാർഷികത്തിന്റെ ഭാഗമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ അനുസ്മരണ പ്രഭാഷണവും കാവ്യാലാപനവും നടത്തി. സാഹിത്യവിമർശകനും സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പ്രദീപ്‌ പനങ്ങാട് അനുസ്മരണപ്രഭാഷണം നിർവഹിച്ചു. പത്രപ്രവർത്തകനെന്ന നിലയിലും ബഹുഭാഷാ പണ്ഡിതനെന്ന നിലയിലും മാനുഷികമൂല്യങ്ങളിൽ ഉറച്ചുനിന്ന് സമൂഹത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു എൻ.വി. കൃഷ്ണവാര്യർ. അദ്ദേഹം മികച്ച യാത്രാവിവരണഗ്രന്ഥം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. വിജ്ഞാനമെന്ന പ്രകാശത്തെ സമൂഹത്തിൽ പ്രചരിപ്പിച്ച വ്യക്തിയുമായ അദ്ദേഹം ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. സാഹിത്യരംഗത്തെ പുരോഗമനവാദികളിലൊരാളുമായിരുന്നു എൻ.വിയെന്നും പ്രദീപ്‌ പനങ്ങാട് കൂട്ടിച്ചേർത്തു. എൻ.വി ഇരുപതാം നൂറ്റാണ്ട് കണ്ട കേരളത്തിലെ ഏറ്റവും പ്രഗൽഭനായ പണ്ഡിതനും എഴുത്തുകാരനുമാണെന്ന് നിസ്സംശയം പറയാമെന്നും അദ്ദേഹം പറഞ്ഞു.

എൻ.വിയുടെ ഭാഷ, വൈജ്ഞാനിക സാഹിത്യം എന്നിവയെ സംബന്ധിച്ച സമഗ്രമായ ഗ്രന്ഥം അടുത്ത ജന്മദിനത്തിനു മുമ്പ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി.എസ്.ശ്രീകല പ്രഖ്യാപിച്ചു. അസി. ഡയറക്ടർമാരായ ഡോ. ഷിബു ശ്രീധർ സ്വാഗതവും ഡോ.പ്രിയ വർഗീസ്‌ നന്ദിയും പറഞ്ഞു. എൻ.വിയുടെ കവിതകളായ നന്നങ്ങാടി, എലികൾ എന്നിവ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലിയും കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളെജ് രണ്ടാം വർഷ എം.എ. മലയാളം വിദ്യാർഥി സന്ധ്യ തോമസും ആലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here