പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകിയ കുഞ്ഞ് അവശനിലയിൽ

തിരുവനന്തപുരം: നാല് വയസുകാരന് വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകിയതിനെ തുടർന്ന് കുഞ്ഞ് അവശനിലയിൽ.

കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ഭാഗത്തു നിന്നാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്. അവശ നിലയിലായ കുട്ടി നിലവിൽ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്.

മെയ് 11-നാണ് സംഭവം നടന്നത്. നാല് വയസ്സുള്ള ഇരട്ടക്കുട്ടികൾക്കായി നൽകേണ്ട ഡോസാണ് ആശ വർക്കർ ആളുമാറി ഒരാൾക്ക് തന്നെ നൽകിയത്. വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് കുട്ടിക്ക് നൽകിയത്. സ്റ്റാഫ് നഴ്‌സ്‌ ഉണ്ടായിട്ടും മരുന്ന് നൽകിയത് ആശാ വർക്കറെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

കരോട് സ്വദേശി മഞ്ജുവിന്റെ മകൻ നിവിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇരട്ടസഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ട് ഡോസുകൾ നൽകുകയായിരുന്നു. പിന്നീട് കടുത്ത ഛർദിയുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശാ വർക്കറെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ഡിഎംഒ ആവശ്യപ്പെട്ടു.

Advertisement