കോഴിക്കോട്. പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട യുവാവ് മരിച്ചു. ബീഹാര്‍ സ്വദേശി സുഭാഷാണ് മരിച്ചത്. മുണ്ടുപാലം സ്വദേശി ഉമറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നിര്‍മാണത്തില്‍ ഏര്‍പ്പിട്ടിരുന്ന ബാക്കി നാല് പേരും രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറാണ് സുബാഷ് കുമാര്‍ മണ്ണിനടിയില്‍ കിടന്നത്.
മുണ്ടുപാലം മാര്‍ച്ചാലിയില്‍ അങ്കണവാടിക്ക് സമീപം ഉമറിന്റെ ഉടമസ്ഥതയിലുള്ള വീട്ടുവളപ്പിലാണ് അപകടം. പുതിയ വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി കുഴിക്കുന്ന കിണറിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രാവിലെ ഏഴ് മണിയോടെയാണ് പണികള്‍ ആരംഭിച്ചു. ബീഹാര്‍ സ്വദേശികളായ നാല് തൊഴിലാളികളും ഒരു മലയാളിയുമാണ് ജോലിക്കായി എത്തിയത്. അപകടം നടക്കുമ്പോള്‍ രണ്ട് പേര് കിണറിനകത്തായിരുന്നു. സുബാഷ് കുമാര്‍ മണ്ണിനടിയില്‍ കുടുങ്ങി.
രക്ഷാപ്രവര്‍ത്തനത്തിനായി മീഞ്ചന്തയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയിരുന്നു. കൂടാതെ ജെസിബി ഉപയോഗിച്ച് കിണറില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ മുകളില്‍ നിന്ന് മണ്ണ് ഇടിയുന്നതിനാല്‍ അത് ഒഴിവാക്കി. പിന്നീട് കിണറില്‍ ഇറങ്ങി ചെളി കോരി മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സുഭാഷിനെ കണ്ടെത്തിയത്. അപ്പോഴേക്കും ജീവന് നിലച്ചിരുന്നു.