തിരുവനന്തപുരം:
കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധിയിൽ കൈയൊഴിഞ്ഞ് ഗതാഗത മന്ത്രി. സമരം ചെയ്ത് പ്രതിസന്ധി സൃഷ്ടിച്ചവർ തന്നെ ശമ്പളക്കാര്യത്തിലും പരിഹാരമുണ്ടാക്കട്ടെയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ എസ് ആർ ടി സിയിലെ ശമ്പള വിഷയത്തിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുമ്പോൾ തന്നെ സമരം ചെയ്ത് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് ചെയ്തത്.
സർക്കാരിന്റെ വാക്കിന് വില കൽപ്പിക്കാതെ ഏകപക്ഷീയമായി സമരം ചെയ്ത യൂണിയനുകൾ പിന്നീട് പ്രശ്നപരിഹാരത്തിന് സർക്കാരിനെ സമീപിക്കുന്നതിൽ അർഥമില്ല. കെ എസ് ആർ ടി സിക്ക് ശമ്പളം കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ല. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കാര്യം അങ്ങനെയാണ്. അതാത് മാനേജ്മെന്റുകളാണ് ശമ്പളം നൽകേണ്ടത്. കൂടുതൽ പ്രശ്നമുണ്ടാകുമ്പോൾ സർക്കാർ ഇടപെടുകയാണ് ചെയ്യുന്നത്.
നോട്ടീസ് നൽകി സമരം ചെയ്യാനുള്ള അവകാശം ജീവനക്കാർക്കുണ്ട്. പക്ഷേ സർക്കാരിനെ വിശ്വാസമില്ലാതെ അർധരാത്രി മുതൽ പണിമുടക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന സമരക്കാരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പണി മുടക്കിയ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. ജീവനക്കാരുടേത് ജനങ്ങൾക്കെതിരായ നിലപാടാണെന്നും മന്ത്രി പറഞ്ഞു.
Home News Breaking News സമരം ചെയ്ത് പ്രതിസന്ധി സൃഷ്ടിച്ചവർ തന്നെ ശമ്പളക്കാര്യത്തിലും പരിഹാരമുണ്ടാക്കട്ടെയെന്ന് ഗതാഗത മന്ത്രി