തിരുവനന്തപുരം . ചിറ്റയത്തിന് ഗൂഡലക്ഷ്യങ്ങള്‍, മന്ത്രി ഫോണെടുക്കുന്നില്ലെന്നു പരാതിപ്പെട്ട ഡപ്യൂട്ടി സ്പീക്കര്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതിയുമായി വീണാ ജോര്‍ജ്. ചിറ്റയം ഗോപകുമാര്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പരസ്യവേദിയില്‍ ഉന്നയിക്കുന്നുവെന്നാണ് പരാതി. പത്തനംതിട്ട ജില്ലക്കാരായ ആരോഗ്യമന്ത്രിയുടേയും ഡപ്യൂട്ടി സ്പീക്കറുടേയും പോരില്‍ വിഷമവൃത്തത്തിലായിരിക്കുകയാണ് എല്‍ഡിഎഫ് നേതൃത്വം.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നായിരുന്നു ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ആരോപണം. ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. സിപിഐഎം ജില്ലാ നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു.
അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനത്തില്‍ നിന്ന് ചിറ്റയം വിട്ടുനില്‍ക്കുകയും ചെയ്തു. ഇതിനെതിരെയാണ് വീണാ ജോര്‍ജ് എല്‍ഡിഎഫ് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയിലേക്ക് എം.എല്‍.എമാരെ ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇരുവരും നിലപാടുകളില്‍ അയവു വരുത്താത്തതിനാല്‍ പ്രശ്നം എങ്ങിനെ പരിഹരിക്കുമെന്ന പ്രതിസന്ധിയിലാണ് എല്‍ഡിഎഫ് നേതൃത്വം.
വീണാ ജോര്‍ജ് ഫോണെടുക്കുന്നില്ലെന്ന പരാതി മുന്‍പേ സിപിഎം നേതൃത്വത്തിനു മുന്നിലുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യാപകമായി കുറ്റപ്പെടുത്തലുകളുണ്ടായിരുന്നു. കായംകുളം എം.എല്‍.എ അഡ്വ. യു പ്രതിഭ ഇതേ ആരോപണം പരോക്ഷമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം നേതൃത്വം എന്തിടപെടല്‍ നടത്തുമെന്നതാണ് ഇനിയുള്ള ചോദ്യം.