അടൂർ. ഏനാത്ത് പുതുശ്ശേരിയിൽ കെ എസ് ആർടി സി ബസും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 21 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ ബസ് ഡ്രൈവറെയും, രണ്ട് യാത്രക്കാരെയും കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ കെ എസ് ആർടിസി ഫാസ്റ്റും, തമിഴ്നാട്ടിൽ നിന്ന് വാഴക്കുലകളുമായി എത്തിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അർധരാത്രിയായതിനാൽ റോഡിൽ ആളുകൾ കുറവായിരുന്നു. അപകട ശബ്ദം കേട്ട് എത്തിയ നാട്ടുകാരും, മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ ഉണ്ടായിരുന്ന 21 യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചു.
ബസിന്റെ മുൻഭാഗം വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവറെയും, സാരമായി പരിക്കേറ്റ രണ്ട് യാത്രക്കാരെയും പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ലാത്തതിനാൽ അവരെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. എന്താണ് അപകട കാരണം എന്നത് റോഡിലെ സിസിടിവി കാമറകൾ പരിശോധിച്ച ശേഷമമെ പറയാനാവു എന്ന് അടൂർ പോലീസ് അറിയിച്ചു.