മലപ്പുറം. കൊടുംക്രൂരതയുടെ തെളിവുകള്‍ തേടി അന്വേഷകര്‍, ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാൻ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പ് ഇന്നും തുടരും. പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദുമായാണ് തെളിവെടുപ്പ് നടത്തുക. മൃതദേഹം ചാലിയാറിൽ തള്ളിയ എടവണ്ണ പാലത്തിൽ എത്തിച്ചായിരിക്കും ഇന്നത്തെ തെളിവെടുപ്പ്.

നൗഷാദിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായ നാലു പ്രതികളിൽ ഒരാളായ നൗഷാദിൽനിന്നും അന്വേഷണസംഘം വിശദമായ തെളിവ് ശേഖരിക്കുന്നത്. മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ മുഖ്യപ്രതിയായ ഷൈബിന്റെ വീട്ടിൽ ചങ്ങലയിൽ ബന്ധിച്ചായിരുന്നു ക്രൂരപീഢനം നടത്തിയത്. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ നൗഷാദ് പൊലീസിന് കൈമാറിയിരുന്നു. നൗഷാദിന്റെ ഈ മൊഴികളുടെ പശ്ചാത്തലത്തിലാണ് നിലമ്പൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.

ഒളിവിൽ പാർപ്പിച്ച മുറി, മൃതദ്ദേഹം കഷ്ണങ്ങളാക്കിയ ശുചിമുറി, എന്നിവടങ്ങളിൽ എത്തിച്ചായിരുന്നു ആദ്യ തെളിവെടുപ്പ്. രണ്ടാം ദിവസമായ ഇന്ന് എടവണ്ണ സീതിഹാജി പാലത്തിൽ എത്തിച്ചും തെളിവെടുക്കും. മൃതദേഹം പ്ലാസ്റ്റിക്ക് കവറുകളിലാക്കി ചാലിയാറിൽ തള്ളിയത് ഈ പാലത്തിൽ നിന്നാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. മൃതദേഹം പുഴയിൽ തള്ളിയിട്ട് 17 മാസം കഴിഞ്ഞതിനാൽ അവശിഷ്ടം കണ്ടെത്താൻ പൊലീസിന് സാധിക്കില്ല. കഷണങ്ങളാക്കിയാണ് തള്ളിയത് എന്നതുകൊണ്ടാണ് രക്തക്കറ കണ്ടെത്താൻ ശ്രമിക്കുന്നത്.

ആയുധങ്ങളിലെ രക്തക്കറ എളുപ്പം മായില്ലെന്നത് പോലീസിനു പ്രതീക്ഷയാണ്. രക്തക്കറ കിട്ടിയാൽ ബന്ധുക്കളുടെ ഡി.എൻ.എ. പരിശോധന നടത്തും. രണ്ടും പൊരുത്തപ്പെട്ടാൽ നിർണായക സാഹചര്യത്തെളിവാകും. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്താനും പോലീസ് ഉദ്ദേശിക്കുന്നുണ്ട്. സംഭവത്തിനുശേഷം ഒരു മഴക്കാലം പിന്നിട്ടുവെന്നത് പോലീസിനെ സംബന്ധിച്ച് തിരിച്ചടിയാണ്. വരും ദിവസങ്ങളിലും നൗഷാദിനെ കേന്ദ്രീകരിച്ചുള്ള കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here