ഇടുക്കി.തൊടുപുഴയിൽ കൊല്ലപ്പെട്ട 7 വയസുകാരന്റെ പിതാവിന്റേതും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് .
കുട്ടിയുടെ പിതാവ് ബിജുവിനെ കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു ആദ്യ പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
2019 എപ്രിൽ ആറാം തിയതിയാണ് തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിക്കുന്നത്. ഇതിന് പിന്നാലെ കുട്ടിയുടെ അച്ഛൻ ബിജുവിന്റെ മരണം ചർച്ചയായി. കുട്ടി കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പായിരുന്നു ബിജുവിന്റെ മരണം. ബിജുവിന്റെ മരണത്തിന് പിന്നാലെ ബന്ധുകൂടിയായ അരുൺ അനന്ദിനൊപ്പം ഭാര്യ താമസം ആരംഭിക്കുകയായിരുന്നു.
ബിജുവിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ബാബുവാണ് പരാതിനൽകിയത്. . ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റ് ഈ പരാതി അന്വേഷിച്ചു. ഇതിൽ സ്വാഭാവിക മരണം എന്ന് കരുതിയത് കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ട്. കഴുത്ത് ഞെരിച്ചാണ് കൊലനടത്തിയിരിക്കുന്നത്. ആദ്യ പോസ്റ്റമോർട്ടത്തിൽ ചില പഴവുകളുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.
ഇതിന് പിന്നാലെ ബിജുവിന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും നുണ പരിശോധനക്ക് വിധേയരാക്കാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി. ഭാര്യയുടെ നുണ പരിശോധനക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇവരുടെ അമ്മയെ നുണ പരിശോധന നടത്താനുള്ള അപേക്ഷ അംഗീകരിച്ചില്ല. ഇതിനെതിരെ ക്രൈം ബ്രാഞ്ച് അപ്പീൽ നൽകിയിരിക്കുകയാണ്. ബിജുവിന്റെ മരണത്തിൽ അരുൺ ആനന്ദിന് പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.