മലപ്പുറം: വർഷങ്ങളായി വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മുൻ അധ്യാപകനായ സിപിഎം നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭാ കൗണ്‍സിലറായ കെവി ശശികുമാറിനെയാണ് പിടികൂടിയത്.

മലപ്പുറത്തെ പ്രമുഖ സ്‌കൂളിലെ അധ്യാപകനായിരുന്ന ഇയാൾ പരാതിയെത്തുടർന്ന് ഒളിവിലായിരുന്നു.

സിപിമ്മിന്റെ നഗരസഭാംഗം കൂടിയായിരുന്ന അധ്യാപകനെതിരെ അൻപതിലധികം പൂർവ വിദ്യാർഥികളാണു പരാതി നൽകിയത്. അധ്യാപകനായി പ്രവർത്തിച്ച 30 വർഷം വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് പരാതി.

ഒൻപതു മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ശരീരത്തിൽ സ്പർശിക്കുകയും കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പലതവണ സ്‌കൂൾ അധികൃതരോട് പരാതി പറഞ്ഞെങ്കിലും അധ്യാപകനെതിരെ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.

സർവിസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ അധ്യാപകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായി ഒരു പൂർവ വിദ്യാർഥിനി മീ ടു ആരോപണം ഉയർത്തുകയും അത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ഒട്ടേറെ പെൺകുട്ടികൾ ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയത്. മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനിലാണു കേസ് റജിസ്റ്റർ ചെയ്തത്.50ല്‍പരം കുട്ടികളാണ് പരാതി ഉന്നയിച്ചത്.

വിഷയം സജീവമായതോടെ അധ്യാപകൻ കഴിഞ്ഞദിവസം നഗരസഭാ കൗൺസിലർ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം ബ്രാഞ്ച് അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമുയർന്നിരുന്നു.

അതിനിടെ, വിദ്യാർഥിനികളെ സർവീസിലിരിക്കെ അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌കൂൾ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബുവിനെ മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം.

അധ്യാപകനെതിരായ പരാതിയിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here