തിരുവനന്തപുരം: എല്ലാ വിദ്യാലയങ്ങളിലും പരാതി പരിഹാരസെൽ സംവിധാനം ഏർപെടുത്താൻ ഇടപെടൽ നടത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. അധ്യാപികമാർ, ജീവനക്കാർ, കുട്ടികൾ എന്നിവർക്ക് പരാതിപ്പെടാൻ വിദ്യാലയങ്ങളിൽ സംവിധാനം ഒരുക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും പി സതീദേവി അറിയിച്ചു.

കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പി സതീദേവി. ഒരുകൂട്ടം അധ്യാപികമാരാണ് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപന നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി കമ്മീഷന് മുന്നിൽ എത്തിയത്. അദാലത്തിൽ 100 പരാതികൾ കമ്മീഷന് മുന്നിലെത്തി. ഇതിൽ 40 എണ്ണം തീർപ്പാക്കി. എഴെണ്ണം പൊലീസ്, മറ്റ് വകുപ്പുകൾ എന്നിവയ്ക്ക് കൈമാറി. 53 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.

ഭാര്യാ-ഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്‌നങ്ങൾ, കുടുംബങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് മുന്നിൽ എത്തിയവയിൽ അധികവും. ദിവസ വേതനാടിസ്ഥാനത്തിൽ വർഷങ്ങളായി ജോലി ചെയ്യിച്ച്‌ ശമ്പളം കൊടുക്കാത്തതുമായി ബന്ധപ്പെട്ട പരാതിയും കമ്മീഷന് മുന്നിലെത്തി. സ്വത്ത്, അതിർത്തി പ്രശ്‌നങ്ങളിലുള്ള പരാതികൾ പൊലീസ്, പഞ്ചായത് ജാഗ്രതാ സമിതികൾ എന്നിവർക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here