അടൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ വാളെടുത്ത് ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട ജില്ലയുടെ ചുമതലയുളള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ല.

അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച് അറിയിക്കുന്നത് തലേന്ന് രാത്രിയിലാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി. തന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്‌ളെക്സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്ന പരിഭവമാണ് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്‌പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലവട്ടം ഫോണ്‍ വിളിച്ചാലും ഫോണെടുക്കാറില്ല. വികസന പദ്ധതികളിലും അകല്‍ച്ചയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് ഡെപ്യൂട്ടി സ്പീക്കര്‍.

പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികളില്‍ ഏറ്റവും മുതിര്‍ന്നയാളായ ചിറ്റയത്തെ നിരന്തരം അവഗണിക്കുന്നതില്‍ സിപിഐയിലും എതിര്‍പ്പുണ്ട്. ജില്ലയിലെ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആശയവിനിമയത്തിലെ വീഴ്ചയും ഉണ്ടായിരിക്കുന്നത്. വിളിച്ചാല്‍ ഫോണെടുക്കില്ലെന്നും അവഗണിക്കുന്നെന്നും മന്ത്രി വീണക്കെതിരെ നേരത്തേയും ആക്ഷേപം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here