തിരുവനന്തപുരം. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനെ ജയിൽമോചിതനാക്കാൻ സർക്കാർ. മണിച്ചനടക്കം വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്യാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച മന്ത്രിസഭയുടെ ശുപാർശ അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചിരിക്കുകയാണ്.

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിക്ഷായിളവിന് സർക്കാർ ശുപാർശ നല്‍കിയിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് ചേർന്ന മന്ത്രിസഭായോഗത്തിന്‍റെ ശുപാർശ ഗവർണറുടെ പരിഗണനയിലാണ്.

2000 ഒക്ടോബർ 31-നാണ് കല്ലുവാതുല്‍ക്കല്‍ മദ്യദുരന്തമുണ്ടാകുന്നത്. ദുരന്തത്തില്‍ 31 പേർ മരിക്കുകയും നിരവധി പേർക്ക് കാഴ്ചനഷ്ടമാകുകയും അഞ്ഞൂറോളം പേർ ചികിത്സതേടുകയും ചെയ്തിരുന്നു. ചില മുതിർന്ന സി.പി.എം. നേതാക്കൾക്കും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കും മണിച്ചന്‍ മാസപ്പടി പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയത് രാഷ്ട്രീയ വിവാദത്തിലേക്കും നയിച്ചിരുന്നു.

അത്രത്തോളം പ്രമാദമായ മദ്യദുരന്തക്കേസിലെ പ്രതിയെ വിട്ടയക്കാനുളള സർക്കാർ ശുപാർശ ഗൗരവത്തോടെയാണ് രാജ്ഭവൻ നോക്കിക്കാണുന്നത്. സർക്കാർ ശുപാർശയില്‍ ഗവർണറുടെ നിലപാടാണ് ഇനി
നിർണായകം.

മണിച്ചന്‍റെ ശിക്ഷയിളവ് സംബന്ധിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. മണിച്ചനു പുറമേ, വിവിധ കേസുകളില്‍ പ്രതികളായ മറ്റു 32 പേരുടെ ശിക്ഷ ഇളവുചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവർക്ക് കൂട്ടമോചനം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here