ഗുരുവായൂർ. തമ്പുരാൻപടിയിൽ വൻ സ്വർണ കവർച്ച. സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്നു. വിപണിയിൽ ഒന്നേ മുക്കാൽ കോടി വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

സ്വർണ വ്യാപാരി കുരഞ്ഞിയൂർ ബാലനും കുടുംബവും താമസിക്കുന്ന അശ്വതി എന്ന വീട്ടിലാണ് വൻ കവർച്ച. രാത്രി ഏഴരക്കും എട്ടിനും ഇടയിലാണ് കവർച്ച നടന്നതെന്ന് വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പാൻസും ടീഷർട്ടും ധരിച്ച് തൊപ്പി വെച്ച ഒരാൾ ബാഗുമായി പോകുന്നത് ദൃശ്യത്തിലുണ്ട്. ബാലനും ഭാര്യയും സിനിമ കാണാൻ തൃശൂരിൽ പോയ സമയത്താണ് മോഷണം. ഡ്രൈവർ ബിജുവും ഇവരോടൊപ്പം ഉണ്ടായിരുന്നു. തിരിച്ചെത്തിയപ്പോൾ മുകൾ നിലയിലെ വാതിൽ പൂട്ടു തകർത്ത നിലയിൽ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.

ബാലനും ഭാര്യയും 5 വർഷമായി ഗുരുവായൂരിലാണ് താമസം. അതിന് മുൻപ് വർഷങ്ങളോളം അജ്മാനിൽ സ്വർണ വ്യാപാരം നടത്തി വരികയായിരുന്നു. മക്കളിൽ ഒരാൾ വിദേശത്തും ഒരാൾ തൃശൂരിലുമാണ് താമസം. ബാലനും ഭാര്യക്കും പുറമെ ഡ്രൈവറും സഹായിയുമാണ് വീട്ടിൽ ഉള്ളത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് എത്തിയവരുടെയും മൊഴി എടുക്കും. വീട്ടിലെ സി സി ടി
വി ദൃശ്യത്തിൽ ഒരാളുടെ ദൃശ്യമേ പതിഞ്ഞുള്ളൂവെങ്കിലും മോഷണ സംഘത്തിൽ കൂടുതൽ പേർ ഉണ്ടാകാമെന്നാണ് പോലീസ് നിഗമനം. ഈ സാഹചര്യത്തിൽ സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here