2022 മെയ് 13 വെള്ളി


BREAKING NEWS

സംസ്ഥാനത്ത് ഇന്നും മഴ തുടരും



*തന്നെ പുറത്താക്കേണ്ടത് എ ഐ സി സിയെന്ന് കെ.വി തോമസ് ; കെ.സുധാകരൻ നുണപറയുന്നുവെന്നും വിമർശനം*


*സമസ്ത വേദിയിലെ പെൺവിലക്കിനെതിരെ ജനയുഗം മുഖപ്രസംഗം;* *യഥാസ്ഥിക ചിന്തകളെ തളയ്ക്കണം.*


*പി ടി തൃക്കാക്കരയ്ക്ക് അഭിമാനം തന്നെയെന്ന് ഉമാ തോമസ്*

*ഗുരുവായൂരിലെ ഥാർ പു:നർ ലേലത്തിനെതിരെ ആദ്യം ലേലം കൊണ്ട പ്രവാസി അമൽ മുഹമ്മദ്*


*തൃക്കാക്കരയിൽ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക്*


*സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്*


*ഒറ്റമൂലി വൈദ്യൻ്റെ കൊലപാതകം; കൂട്ട് പ്രതിയുമായി ഇന്ന് തെളിവെടുപ്പ്*

*തൃക്കാക്കര: ബിജെപി കൺവൻഷൻ ഇന്ന് വൈകിട്ട്*


*കെ എസ് ആർ റ്റി സി പ്രതിസന്ധി തുടുന്നു.*



*കേരളീയം*

🙏തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തിനു പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജോ ജോസഫ് സഭാസ്ഥാനാര്‍ത്ഥി ആണ്, ഞാനും അതേ. പക്ഷേ, നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്നാണ് അര്‍ത്ഥം. മുഖ്യമന്ത്രി പറഞ്ഞു.


🙏മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള നേതാവാണെന്ന് എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.വി തോമസ്. കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. പ്രതിസന്ധികള്‍ മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ട്.


🙏മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിച്ചതിനു പിറകേയാണ് നടപടി.


🙏സാമ്പത്തിക പ്രതിസന്ധിമൂലം അടുത്ത മാസംമുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും കിട്ടില്ലെന്ന പ്രചാരണത്തെ തള്ളി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തൃക്കാക്കര തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണമാണിത്.



🙏വിദേശ ജോലിക്ക് ഇനി പോലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സംസ്ഥാനത്തിനകത്തെ ജോലിക്കു മാത്രമേ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിട്ടില്ലെന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്ന് ഡിജിപി ഉത്തരവിട്ടു.


🙏സംസ്ഥാനത്ത് നാലു ദിവസംകൂടി മഴ തുടരും. കാലവര്‍ഷം ഇത്തവണ നേരത്തെയെത്താന്‍ സാധ്യത. ജൂണ്‍ ഒന്നിനു തുടങ്ങാറുള്ള കാലവര്‍ഷം ഇത്തവണ ഒരാഴ്ച മുമ്പേ തുടങ്ങും. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.


🙏മഴമൂലം മാറ്റിവച്ച തൃശൂര്‍പൂരം വെടിക്കെട്ട് കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ വൈകുന്നേരം നടത്തും. ഞായറാഴ്ച വൈകുന്നേരം നടത്താനായിരുന്നു നേരത്തെ ധാരണയായിരുന്നത്.

🙏കെഎസ്ഇബിയുടെ സേവനങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ സര്‍വ്വേ. വെബ്സൈറ്റിലൂടെയാണ് സര്‍വ്വേ. 15 ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന ഉപഭോക്താക്കളില്‍നിന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നറുക്കെടുപ്പില്‍ ജേതാവാകുന്നയാള്‍ക്ക് 50,000 രൂപ സമ്മാനം.


🙏കാരയ്ക്കാമണ്ഡപം റഫീക്ക് വധകേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വധഭീഷണി കത്ത്. വിധി പ്രഖ്യാപിച്ച ജഡ്ജി എസ് സുഭാഷിനും പ്രോസിക്യൂട്ടര്‍ സലാവുദ്ദീനുമാണ് ഭീഷണി കത്ത് ലഭിച്ചത്.



🙏തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തു വിവരങ്ങള്‍ പുറത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയും 1.30 കോടി രൂപയുടെ ബാധ്യതയുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് 70 ലക്ഷം രൂപയുടേയും മരിച്ച ഭര്‍ത്താവ് പി.ടി. തോമസിന് 97 ലക്ഷത്തിന്റേയും ആസ്തിയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ ആസ്തി 95 ലക്ഷം രൂപയാണ്.


🙏മദ്രസയിലെ പുരസ്‌കാര വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനു കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ സമസ്ത സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. പോലീസിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

🙏പൊതുവേദിയില്‍ പെണ്‍കുട്ടികളെ വിലക്കിയ സമസ്ത നേതാവ് എം ടി അബ്ദുല്ല മുസ്ലിയാരുടെ നിലപാടിനെതിരെ ഡിവൈഎഫ്ഐ.


🙏മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ‘ഥാര്‍’ ജീപ്പ് പുനര്‍ലേലം ചെയ്യും. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഡിസംബറില്‍ നടന്ന ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. 18 ലക്ഷം രൂപയുടെ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ 15.10 രൂപയ്ക്ക് അമല്‍ എന്നയാള്‍ക്കു ലേലം ഉറപ്പിച്ചത് വിവാദമായിരുന്നു.



🙏തൊടുപുഴയില്‍ മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വര്‍ഷം തടവ്. തിരുവനന്തപുരം കവടിയാര്‍ കാസ്റ്റില്‍ വീട്ടില്‍ അരുണ്‍ ആനന്ദിനെ തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 3,81,000 രൂപ പിഴയും വിധിച്ചു.

🙏പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഹോം സ്റ്റേയ്ക്കു ലൈസന്‍സ് നല്‍കിയ തരിയോട് പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ തിരുവാതിരയില്‍ ഡിജീഷ് (32) നെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.

🙏കൊട്ടിയം തഴുത്തലയില്‍ കിണറില്‍ റിംഗ് ഇറക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുടുങ്ങിയ മുട്ടക്കാവ് സ്വദേശി സുധീര്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് സുധീറിന്റെ മൃതദേഹം പുറത്തെടുക്കാനായത്.


🙏തിരുവനന്തപുരം ആനാട് സുഹൃത്തുക്കള്‍ ഫ്ളാറ്റിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍. അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് പ്രവാസിയായ അഭിലാഷ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. തീ കത്തുന്നതു കണ്ട് ബിന്ദുവിന്റെ ആദ്യ വിവാഹത്തിലെ ആറര വയസുള്ള മകള്‍ ഇറങ്ങിയോടി.

🙏കടബാധ്യത മൂലം വയനാട് പുല്‍പ്പള്ളിയില്‍ അഭിഭാഷകന്‍ ജീവനൊടുക്കി. മുന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമിയാണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്. പുല്‍പ്പള്ളിയില്‍ സ്വകാര്യ ബാങ്കില്‍നിന്ന് 10 വര്‍ഷം മുമ്പ് 12 ലക്ഷം രൂപ ടോമി വായ്പ എടുത്തിരുന്നു.



🙏കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയുണ്ടായ വഴക്കിനിടയില്‍ കസേര എറിഞ്ഞു പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചേര്‍ത്തല വട്ടക്കര തുണ്ടിയില്‍ നിവര്‍ത്ത് കുമാരി(53) ആണ് മരിച്ചത്.

🙏കോട്ടയം അയര്‍ക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. അമയന്നൂര്‍ സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്.

🙏ഇടുക്കി ചെറുതോണിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഗാന്ധിനഗറില്‍ താമസിക്കുന്ന മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ് കൊല്ലപ്പെട്ടത്. മുനിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.


🙏പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി ജൂനിയര്‍ വിദ്യാര്‍ഥിയെ കഴുത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു. മൂന്നാര്‍ ടൗണ്‍ സ്വദേശിയായ വിദ്യാര്‍ത്ഥി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് കുത്തിയത്. പെണ്‍കുട്ടിയെ കോയമ്പത്തൂര്‍ ആശുപത്രിയിലും ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിയെ കോലഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

🙏കണ്ണൂര്‍ സര്‍വകലാശാലയില്‍ സിലബസ് കോപ്പിയടി വിവാദം. ബംഗളൂരു സര്‍വ്വകലാശാലയുടെ ബികോം സിലബസ് അതേപടി കോപ്പിയടിച്ചാണ് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബിബിഎ ആറാം സെമസ്റ്റര്‍ സിലബസ് തയ്യാറാക്കിയതെന്നാണ് ആരോപണം.

🙏കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. വര്‍ത്തമാനം പത്രത്തിന്റെ പത്രാധിപര്‍ അസഫലിയെയാണ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പൊലീസുകാര്‍ ഉപദ്രവിച്ചത്.

*ദേശീയം*


🙏കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരില്‍ ഇന്നു തുടക്കം. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് നാനൂറു നേതാക്കള്‍ പങ്കെടുക്കുന്ന യോഗം.



🙏മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായി രാജീവ്കുമാറിനെ നിയമിച്ചു. കമ്മീഷണര്‍ സുശീല്‍ ചന്ദ്ര വിരമിക്കുന്ന ഒഴിവിലാണു നിയമനം.


🙏ഛത്തീസ്ഗഡിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു. പരിശീലന പറക്കലിനിടെ ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.


🙏താജ്മഹലിന്റെ പൂട്ടിയിട്ട 22 മുറികള്‍ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് തള്ളി. പൊതുതാല്‍പര്യ ഹര്‍ജി സംവിധാനത്തെ പരിഹസിക്കരുതെന്ന് കോടതി ഓര്‍മിപ്പിച്ചു. ബിജെപി അയോധ്യ മാധ്യമ വിഭാഗം തലവന്‍ രജനീഷ് സിങ്ങാണ് ഹര്‍ജി നല്‍കിയത്.

🙏വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് കാമ്പസില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനയ്ക്കു കോടതി അനുമതി നല്‍കി. സര്‍വ്വേ നടത്തുന്ന അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ തള്ളിയ വാരാണസി കോടതി രണ്ട് കമ്മീഷണര്‍മാരെ കൂടി നിയമിച്ചു. സര്‍വ്വേയ്ക്ക് സംരക്ഷണം നല്‍കാന്‍ യുപി പൊലീസിനു നിര്‍ദ്ദേശം നല്‍കി.


🙏ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ബംഗാള്‍ സര്‍ക്കാരിന്റെ സാഹിത്യ അക്കാദമി പുരസ്‌കാരം. കവി രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്റെ പ്രഥമ ജേതാവായാണ് മമതയെ തെരഞ്ഞെടുത്തത്.


🙏കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ഓര്‍ഡിനന്‍സായി പാസാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു.



🙏എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി വിന്‍സന്‍ കാംബലിനെ നിയമിച്ചു. സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഭാഗമായ സ്‌കൂട്ട് എയറിന്റെ സിഇഒയാണ് കാംബല്‍. ന്യൂസീലന്‍ഡ് സ്വദേശിയാണ്.

*അന്തർദേശീയം*



🙏ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ആറാം തവണയാണ് റെനില്‍ ലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്. ലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്സെക്കെതിരായ അവിശ്വാസ പ്രമേയം ചൊവ്വാഴ്ച്ച ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു. മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യംവിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി തടഞ്ഞു.


🙏പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസില്‍ 22 പേര്‍ക്ക് പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ ജില്ലയില്‍ ഗണപതി ക്ഷേത്രത്തിനുനേരെ ആക്രമണമുണ്ടായത്.

*കായികം*

🙏ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് അഞ്ച് വിക്കറ്റിന് വീഴ്ത്തി ചെന്നൈയുടെ സാധ്യതകള്‍ അടച്ചത്.


🙏തോമസ് കപ്പ് ബാഡ്മിന്റണില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പുരുഷ ടീം. മലയാളി താരം എച്ച് എസ് പ്രണോയ് നേടിയ ആവേശജയത്തിന്റെ കരുത്തില്‍ മലേഷ്യയെ 3-2ന് തോല്‍പ്പിച്ച് സെമിയിലെത്തിയ ഇന്ത്യന്‍ പുരുഷ ടീം തോമസ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചു.