കൊല്ലം. ദുരൂഹ സാഹചര്യത്തില്‍ ജിഎസ്ടി ഇന്റലിജന്‍സ് ഓഫിസറെ കാണാതായെന്നു പരാതി. കരിക്കോട് സ്വദേശി ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഓഫീസറായ അജികുമാറിനെയാണ് കഴിഞ്ഞ 13 ദിവസമായി കാണാനില്ലാത്തത്. ജോലി സ്ഥലമായ എറണാകുളത്ത് നിന്നും വീട്ടിലേക്ക് മടങ്ങി വരും വഴിയാണ് അജികുമാറിനെ കാണാതായതെന്നാണ് കരുതുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി.
ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം സ്റ്റേറ്റ് ടാക്സ് ഓഫീസറായ അജികുമാറിനെ കാണാതായി രണ്ടാഴ്ചയാകുമ്പോഴും കാര്യമായ അന്വേഷണം നടന്നിട്ടില്ല. പുനലൂര്‍ ഓഫീസില്‍ നിന്ന് 3 മാസം മുൻപ് അജികുമാറിനെ എറണാകുളം കാക്കനാട്ടെ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. രണ്ട് മാസം ജോലി ചെയ്ത ശേഷം ഒരു മാസം അവധിയെടുത്തു. വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ 29 ന് എറണാകുളത്തേക്ക് പോയി. 30 ന് രാവിലെ വിളിച്ച് സംസാരിച്ചപ്പോള്‍ വൈകിട്ട് വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചു. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും രാവിലെ പത്തരയോടെ ഓഫീസിലേക്ക് ഇറങ്ങിയ അജികുമാറിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല.
പുനലൂര്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോൾ ഓഫീസ് ഫയലുകള്‍ നഷ്ട്ടപെട്ടതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു വെന്ന് ബന്ധുക്കള്‍പറയുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ലന്ന പരാതിയാണ് ബന്ധുക്കള്‍ക്കുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ അടക്കം ഉന്നതാധികൃതര്‍ക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്