തൃക്കാക്കര:
കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ വേവലാതി യുഡിഎഫ് ക്യാമ്പിൽ പ്രകടമാണെന്നും എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങൾക്ക് വില നൽകാത്ത സാഹചര്യം ഈ രാജ്യത്തുണ്ട്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോൺഗ്രസിൽ നിന്നുണ്ടാകുന്നു. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവർത്തിക്കാൻ ആ പാർട്ടിക്ക് സാധിക്കുന്നില്ല. കോൺഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയുന്നില്ലെന്നതാണ് സത്യം
രാജ്യത്തെ ന്യൂനപക്ഷം ആശങ്കയിലാണ്. കോൺഗ്രസിന് വർഗീയതയെ തടയാനാകുന്നില്ല. ഇതിനായി ഒരു ബദൽ ഉയരേണ്ടതാണ്. സംസ്ഥാന പരിമിതിയിൽ നിന്ന് ബദലാകാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഒരുമിച്ച് നീങ്ങുന്ന നിലയുണ്ടായി. പറ്റിപ്പോയ അബദ്ധം തിരുത്താനുള്ള സമയം ഇപ്പോൾ തൃക്കാക്കരക്ക് വന്നിട്ടുണ്ട്. തൃക്കാക്കരയിൽ ഇടതുസ്ഥാനാർഥിക്ക് വിജയം നൽകി എൽ ഡി എഫിന് സെഞ്ച്വറി അടിപ്പിക്കാനുള്ള അവസരമുണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു