തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സര്‍ക്കാരും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു.കേന്ദ്രത്തിന്‍റെ കടം കിട്ടിയില്ല, അടിയന്തരമായി പണംകണ്ടെത്തിയില്ലെങ്കില്‍
സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്ബള വിതരണം മുടങ്ങുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

കൊവിഡ് സൃഷ്ടിച്ച ആഘാതത്തിന് പുറമെ കടമായി ചോദിച്ച നാലായിരം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തതാണ് സംസ്ഥാനത്തിന്റെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നര ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പയായി ചോദിക്കാനാകുക.

മാനദണ്ഡങ്ങള്‍ അനുസരിച്ചിട്ടുള്ള തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന 4000 കോടി രൂപ. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കാന്‍ വിമുഖത കാട്ടുന്നതെന്നതില്‍ വ്യക്തത വന്നിട്ടില്ല.

കിഫ്ബി വായ്പ, സാമൂഹ്യ സുരക്ഷാ ബാദ്ധ്യതകള്‍ തുടങ്ങിയവയെല്ലാം ബഡ്ജറ്റിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശങ്ങള്‍ സി.ഐ.ജി റിപ്പോര്‍ട്ടിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ വായ്പ അനുവദിക്കാതിരിക്കാനുള്ള നീക്കമെന്ന് സംസ്ഥാന സര്‍ക്കാര്‍ സംശയിക്കുന്നു.

പ്രതിസന്ധി തരണം ചെയ്യാനായി ജീവനക്കാരുടെ പത്ത് ശതമാനം ശമ്ബളം പിന്നീട് നല്‍കാന്‍ മാറ്റി വയ്ക്കണമെന്ന നിര്‍ദേശം ധനവകുപ്പിന് മുന്നിലുണ്ട്. എന്നാല്‍ ശമ്ബളം മാറ്റി വയ്ക്കല്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നത്. മറ്റ് മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.