ബനാന പഫ്‌സിൽ പൂപ്പൽ; ബേക്കറിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി

കട്ടപ്പന: കട്ടപ്പനയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബനാന പഫ്‌സിൽ പൂപ്പൽ കണ്ടെത്തിയതായി പരാതി. കട്ടപ്പന ടൗണിലെ ഇടശ്ശേരി ജങ്ഷനിൽ പ്രവർത്തിക്കുന്ന ബിജൂസ് ബേക്കറിക്കെതിരെയാണ് അണക്കര സ്വദേശി പൊൻപുഴ അലൻ ജോസഫ് എന്നയാൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതി നൽകിയത്.

അലന്റെ ഒമ്പതു വയസുകാരിയായ സഹോദരിക്ക് കഴിക്കാനായി വാങ്ങിയ പഫ്‌സിലാണ് പൂപ്പൽ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയെങ്കിലും ബേക്കറി അടഞ്ഞു കിടക്കുകയായിരുന്നു.

ചൊവ്വാഴ്ച ഇടുക്കിക്ക് പോകും വഴിയാണ് അലൻ സഹോദരിക്കായി ബനാന പഫ്‌സ് വാങ്ങിയത്. കുട്ടി വാഹനത്തിലിരുന്ന് പഫ്‌സ് കഴിക്കാൻ തുടങ്ങിയപ്പോഴാണ് പൂപ്പൽ ശ്രദ്ധിൽപ്പെട്ടത്. ഉടൻ പഫ്‌സ് കടയുടമയ്ക്ക് തിരികെ നൽകി പണം തിരിച്ചുവാങ്ങിയെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭയിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഭക്ഷണ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് വിവധയിടങ്ങളിലായി ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയ്‌ന് തുടക്കം കുറിച്ചിട്ടുണ്ട്. ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകളെ ഗ്രീൻ കാറ്റഗറിയുടെ പരിധിയിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്ര വീണാ ജോർജ് വ്യക്തമാക്കിയിരൂന്നു.

Advertisement