കൊച്ചി.തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് പങ്കെടുക്കുന്ന ഇടതു മുന്നണി കൺവെൻഷൻ ഇന്ന് . കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. ഇടതു മുന്നണി സ്ഥാനാർഥി ജോ ജോസഫിനായി പ്രചാരണം നടത്തുമെന്ന് കെ.വി തോമസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
കറ കളഞ്ഞ കോൺഗ്രസുകാരനെന്നാണ് തോമസ് മാഷ് സ്വയം വിശേഷിപ്പിക്കാറ്, എന്നാല്‍ സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചുവരുന്ന തോമസ് മാഷിന് ഇപ്പോള്‍ കറ നല്ലതാണെന്ന് പരസ്യവാചകമാണ് പ്രിയം, ഇന്നാദ്യമായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മാഷ് വോട്ടഭ്യർഥിക്കും. എന്നും കൂട്ടായിരുന്ന പി.ടി തോമസിന്റെ പത്നി ഉമാ തോമസ് ആണ് മല്‍സര രംഗത്തെന്നതും അങ്കച്ചൂടില്‍ മാഷിന് പ്രശ്നമല്ല. പുത്രീ നിർവിശേഷമായ സ്നേഹമാണ് ഉമയോടെന്ന് പറഞ്ഞെങ്കിലും നേതൃത്വത്തോടുള്ള വിയോജിപ്പാണ് കടുത്ത തീരുമാനത്തിലേക്ക് കെ.വി തോമസിനെ എത്തിച്ചത്.
ത്രിശങ്കു സ്വര്‍ഗത്തില്‍ നില്ക്കുന്നതിനേക്കാള് കിട്ടിയ അവസരം മുതലെടുക്കാമെന്ന് കെ.വി തോമസ് കരുതുന്നു , പല കുറി എം.പിയും എം.എൽഎയും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ആയിരുന്നു കെ.വി തോമസ്, ഇത്രയും സ്ഥാനങ്ങള്‍ കിട്ടിയിട്ടും ആഗ്രഹങ്ങള്‍ ബാക്കിവച്ചാണ് മാഷിന്റെ നില്പ്, ജോ ജോസഫിനെ ജയിപ്പിക്കാൻ ഇടതുമുന്നണിക്ക് തോമസ് മാഷിന്റെ ട്യൂഷന് ആവശ്യമുണ്ട് തൃക്കാക്കരയിൽ . വികസന രാഷ്ട്രീയം മുതൽ സമുദായ സമവാക്യങ്ങൾ വരെയുണ്ട് തോമസ് മാഷിന് ഓതിക്കൊടുക്കാന്‍.
ജോ ജോസഫ് ജയിച്ചില്ലെങ്കിൽ അത് കെ.വി തോമസിന്റെ പരാജയം കൂടിയാകും മറിച്ചാണെങ്കിൽ മാഷിന് ഇടതുമുന്നണിയിലേക്ക് ഒരു റാങ്ക് തിളക്കത്തോടെ ചെന്നു കയറാം, കെ വി തോമസിനെ ഒപ്പം കൂട്ടുന്നത് വേറെ എവിടെയും ഗുണമായില്ലെങ്കിലും തൃക്കാക്കരയില്‍ ഗുണമാകുമെന്ന കണക്കു കൂട്ടലിലാണ് മാഷിനെ പിണറായി വേദിയിലേക്കു വിളിക്കുന്നത്.