കൊച്ചി. തൃക്കാക്കരയിൽ ട്വൻറി ട്വൻറി യെ ഒപ്പം നിർത്താനുള്ള കോൺഗ്രസ് നീക്കങ്ങൾ ഫലം കണ്ടേക്കും പരസ്പരം പോരടിക്കുന്നത് രണ്ടുപേരുടെയും മുഖ്യശത്രുവിനെ സഹായിക്കുന്നതിന് ഇടയാക്കുമെന്ന വിലയിരുത്തല്‍ ഇരുകൂട്ടര്‍ക്കുമുണ്ട്. കഴിഞ്ഞ തവണ അത്തരം പോരാട്ടം ഇടതിന് പലയിടത്തും ഗുണം ചെയ്തിരുന്നു.വിജയത്തിന് സഹായിച്ചവരെന്ന പരിഗണന പോലും നല്‍കാതെ പരമാവധി ദ്രോഹിക്കാനാണ് ഇടതു പക്ഷം ശ്രമം നടത്തിയതെന്നത് ട്വന്‍റി ട്വന്‍റിക്ക് മനസിലായി. പരസ്യ പിന്തുണ തേടി കെ പി സി സി അധ്യക്ഷൻ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം.എന്നാൽ ട്വൻ്റി ട്വൻറി – കോൺഗ്രസ് സൗഹൃദം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടതു നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

തൃക്കാക്കരയിൽ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി രംഗത്ത് ഇറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വൻറി ട്വൻ്റി യെ കൂടെ നിർത്താൻ കോൺഗ്രസ് നീക്കം തുടങ്ങിയത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് ട്വൻറി ട്വൻ്റിയുമായി സൗഹൃദത്തിന് കോൺഗ്രസ് തയ്യറാറെന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വൻ്റി ട്വൻ്റി യെ ഒപ്പം നിർത്താനുള്ള തീരുമാനം എറണാകുളത്തെ കോൺഗ്രസ് നേതാക്കളുടെ നീരസങ്ങളെ പോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടത്. പിടി തോമസിന് ട്വന്‍റി ട്വന്‍റിയോടുള്ള വൈരം മറ്റൊരു സ്വഭാവത്തിലായിരുന്നുവെന്നും ഇത്തരം ഒരു ഘട്ടത്തില്‍ പിടിതന്നെ സ്വയം തിരുത്തിയേനേ എന്നും കരുതുന്ന നേതാക്കളുണ്ട്. തൃക്കാക്കരയിൽ വിജയിക്കാൻ ട്വൻറി ട്വൻ്റി വോട്ടുകൾ തേടുന്നതിൽ തെറ്റില്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാടും.

  കെ പി സി സി അധ്യക്ഷൻ തന്നെ പരസ്യമായി  പിന്തുണ തേടിയ സാഹചര്യത്തിൽ തൃക്കാക്കരയിൽ കോൺഗ്രസിന് പിന്തുണ നൽകാനുള്ള  തീരുമാനം ട്വൻറി ട്വൻ്റി കൈക്കൊണ്ടേക്കുo.ആം ആദ്മി പാര്‍ട്ടിയിലേക്കുള്ള കൈകോര്‍ക്കലിന് തടസമാകുമോ എന്നതാണ് ആകെ ആശങ്ക എന്നാലും അപകടകാരിയായ ശത്രു ഇടതുപക്ഷമാണെന്ന് ട്വന്‍റി ട്വന്‍റി രണ്ടാം ഇടതു ഭരണത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 എന്നാൽ ട്വൻറി ട്വൻ്റി യുമായുള്ള കോൺഗ്രസ് ചങ്ങാത്തം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതു കേന്ദ്രങ്ങൾ. പരാജയം ഉറപ്പായ സാഹചര്യത്തിലാണ് കോൺഗ്രസ് വൈരം മറന്ന് പുതിയ ബന്ധങ്ങൾ തേടുന്നതെന്നാണ് ഇടതു നേതാക്കൾ പറയുന്നത്.   കോൺഗ്രസിൻ്റെ ട്വൻ്റി ട്വൻറി സൗഹൃദം വരും ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വലിയ  ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇടയാകുമെന്നതിൽ സംശയമില്ല.