തിരുവനന്തപുരം.കെ.എസ്.ആർ.ടി.സി.യിലെ ശമ്പള പ്രതിസന്ധിയിൽ സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ പോരിനിറങ്ങി.വകുപ്പ് മന്ത്രിയുടെ പ്രകോപനപരമായ പ്രതികരണങ്ങളാണ് തൊഴിലാളി യൂണിയനുകളെ ചൊടിപ്പിച്ചത്.പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫ് ഇന്ന് മുതൽ സമരമാരംഭിക്കും.

പത്തിന് ശമ്പളമെന്ന സർക്കാർ ഉറപ്പും പാലിക്കപ്പെടാതായതോടെയാണ് തൊഴിലാളി യൂണിയനുകൾ ഇടഞ്ഞത്.അഭ്യർഥന മാനിക്കാതെ പണിമുടക്കിയതിനാൽ ഇനി ഉത്തരവാദിത്തമില്ലെന്ന നിലപാടിലാണ് സർക്കാരും.ശമ്പള പ്രതിസന്ധി മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തീരുമാനിക്കട്ടേയെന്ന് ഗതാഗത മന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കി.കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.

പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ഇന്ന് മുതൽ ഡിപ്പോകൾക്ക് മുന്നിലും, ചീഫ് ഓഫീസിന് മുന്നിലും സമരം ചെയ്യും.എ.ഐ.റ്റി.യു.സിയും,ബി.എം.എസ്സും ഗതാഗത മന്ത്രിയുടെ പ്രതികരണങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.സർക്കാരിന്റെ ഭാഗത്ത് നിന്ന് അധിക ധന സഹായം വേണ്ടെന്ന് ഗതാഗത മന്ത്രി മുഖ്യമന്ത്രിയോട് തന്നെ വ്യക്തമാക്കി.ഇതോടെ മാനേജ്മെന്റും വെട്ടിലായി.സർക്കാർ ജാമ്യത്തിൽ കെ.റ്റി.ഡി.എഫ്.സിയിൽ നിന്നും ലോൺ എടുത്ത് ശമ്പളം നൽകാമെന്ന പ്രതീക്ഷ അവസാനിച്ചു.എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നതും മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.പതിനഞ്ചിന് മുൻപ് പരമാവധി ശമ്പളം കൊടുത്ത് തീർക്കാനാണ് മാനേജ്മെന്റ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here